ആലുവ: കൊറോണ സുരക്ഷ നടപടികളുടെ ഭാഗമായി ഇറ്റലിയിൽ നിന്നെത്തിയ 36 പേരെ ജില്ല ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയവരെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജിൽ പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം 34 മണിക്കൂറിന് ശേഷമാണ് ലഭിക്കുക. ഫലം നെഗറ്റീവായാലും ഇവർ 28 ദിവസത്തോളം നിരീക്ഷണത്തിലായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.