കൊച്ചി : പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകേണ്ടി വരുന്നവർക്ക് സൗജന്യ നിയമസഹായവുമായി ഇനി കേരള ലീഗൽ സർവീസ് സൊസൈറ്റിയുടെ വക്കീൽ എത്തും. എത്രയുംവേഗം നീതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ലീഗൽ സർവീസ് അതോറിറ്റി നടപ്പാക്കുന്ന ഏർലി ആക്സസ് ടു ജസ്റ്റിസ് പ്രോട്ടോകോൾ പദ്ധതിയുടെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളിൽ നിയമസഹായം നൽകാനുള്ള നടപടികൾ ഒരുങ്ങുന്നത്.
നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയുടെ അംഗീകാരത്തോടെ കേരളത്തിൽ ആരംഭിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് കേരള ഹൈക്കോടതി ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നിർവഹിക്കും. കെൽസ ചെയർമാൻകൂടിയായ ജസ്റ്റിസ് സി.കെ. അബ്ദുൾറഹീം ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് കെൽസ മെമ്പർ സെക്രട്ടറി കെ.ടി. നിസാർ അഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദ് പ്രത്യേക പ്രഭാഷണം നടത്തും. ഡി.ജി.പി ലോക്‌നാഥ് ബെഹ്റ മുഖ്യ അതിഥിയായിരിക്കും.
പദ്ധതിയിങ്ങനെ
കേരളത്തിൽ 482 പൊലീസ് സ്റ്റേഷനുകളാണുള്ളത്. നാലു സ്റ്റേഷനുകൾക്ക് ഒരു അഭിഭാഷകൻ എന്ന നിലയിലാണ് കെൽസ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ ഒാഫീസർമാരായാണ് ഇൗ അഭിഭാഷകർ അറിയപ്പെടുക. സ്ത്രീകൾ, കുട്ടികൾ, ശാരീരിക വൈകല്യമുള്ളവർ തുടങ്ങിയവർക്കൊക്കെ ഇവരുടെ സൗജന്യ നിയമസഹായം ലഭിക്കും. സംശയത്തിന്റെയും മറ്റും പേരിൽ പൊലീസ് സ്റ്റേഷനിലേക്ക് ഒരാളെ വിളിപ്പിക്കുമ്പോഴും അറസ്റ്റുചെയ്യുമ്പോഴും സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന ഫോമുകൾ എല്ലാ സ്റ്റേഷനുകളിലും എത്തിച്ചിട്ടുണ്ട്. മലയാളം, ഇംഗ്ളിഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഫോം തയ്യാറാക്കിയിട്ടുണ്ട്. കെൽസയുടെ ഒാഫീസർമാരായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ ഫോൺനമ്പരും ഫോമിലുണ്ടാകും. സ്റ്റേഷനിലേക്ക് വിളിപ്പിക്കപ്പെടുന്നവരുടെയും അറസ്റ്റിന് വിധേയരാകുന്നവരുടെയും അവകാശങ്ങൾ വ്യക്തമാക്കുന്ന കലണ്ടറുകൾ സ്റ്റേഷനുകളിൽ പ്രദർശിപ്പിക്കുമെന്നും കെൽസ മെമ്പർ സെക്രട്ടറി പറഞ്ഞു.