മൂവാറ്റുപുഴ: ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വിതരണവും വിപണവും വ്യാപകമാകുന്നതിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി ആരംഭിച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ഗുണമേന്മയില്ലാത്ത വെളിച്ചെണ്ണ പല ബ്രാൻഡുകളിലായാണ് വിപണിയിലെത്തുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഉത്തരവ് അനുസരിച്ച് ലൈസൻസ് എടുക്കുന്നവർക്ക് ഒരു ബ്രാൻഡിൽ മാത്രമെ വിപണം നടത്താനാകു. കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്ന വെളിച്ചെണ്ണ വിതരണം ചെയ്യുന്നതിനും കർശന നിയമങ്ങളും നിലവിലുണ്ട്. മാർക്കറ്റിലെ വിരലിലെണ്ണാവുന്ന ബ്രാൻഡുകൾക്ക് മാത്രമാണ് നിലവിൽ രജിസ്‌ട്രേഷനുള്ളത്.ജില്ലയിൽ വ്യാജ വെളിച്ചെണ്ണയുടെ വിപണവും വിതരണവും വ്യാപകമായതോടെ ബ്രാൻഡ് പേര്,ലേബൽ, ലൈസൻസ് നമ്പർ തുടങ്ങിയവ സഹിതം 15ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്നാണ് ഭക്ഷാ സുരക്ഷാ ജില്ലാ അധികൃതർ അറിയിച്ചിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത ബ്രാൻഡുകൾ നിരോധിക്കാനും ശിക്ഷാ നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.

പേര് മാറ്റൽ ഡിമാന്റ് വർദ്ധിപ്പിക്കുന്നു

ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ജില്ലയിൽ ഒരേ ലൈസൻസിയും തങ്ങളുടെ ഉല്പ്പന്നം പല പേരുകളിലാണ് വിതരണം നടത്തുന്നത്. മേഖലകൾക്കനുസരിച്ച് ബ്രാൻഡ് പേര് മാറ്റി പായ്ക്ക് ചെയ്യുകയാണ്. വെളിച്ചെണ്ണയുടെ പേര് പലതാകുന്നത് മാർക്കറ്റിൽ ഡിമാന്റ് വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്നാണ് വ്യാപാരികളടക്കം പറയുന്നത്. ജില്ലയിൽ വിതരണം ചെയ്യുന്ന ബ്രാൻഡുകൾ ഭക്ഷ്യ സുരക്ഷാ ജില്ലാ അസിസ്റ്റന്റ് ഓഫീസിൽ രജിസ്റ്റർ ചെയ്യണമെന്ന നിയമവും പലരും പാലിക്കുന്നില്ല.


വില കുതിച്ചുയരുന്നു‌

വിപണിയിൽ നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില ഉയരുകയാണ്. പല വിലയ്ക്കാണ് വെളിച്ചെണ്ണ മാർക്കറ്റിൽ വിൽക്കുന്നത്. 180 മുതൽ 260 വരെയാണ് നിലവിലെ വില .നാളികേരത്തിന്റെ ഉത്പാദനത്തിലുണ്ടായ കുറവും വെളിച്ചെണ്ണയ്ക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയതും വില വർധനവിനു കാരണമായി.ചെറുകിട മില്ലുകളിൽ വില്പന നടത്തുന്ന വിലയേക്കാൾ 60 രൂപ വരെ കൂട്ടിയാണ് പ്രമുഖ കമ്പനികൾ വില്പന നടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നു വിപണിയിലെത്തിക്കുന്ന നാളികേരത്തിന്റെ വരവ് കുറഞ്ഞതും വില ഉയരുന്നതിനു കാരണമായി. ഇടനിലക്കാരുടെ അനാവശ്യ ഇടപെടലാണ് വില വർധനവിനു പിന്നിലെന്നും ആക്ഷേപമുണ്ട്.വെളിച്ചെണ്ണ വില ഉയർന്നതോടെ പാം ഓയിലിനും ഡിമാൻഡ് വർധിച്ചു.നാളികേരത്തിന്റെ ചില്ലറ വില കിലോയ്ക്ക് 50 മുതൽ 55 വരെയാണ്.


മാവേലി,സപ്ലൈക്കോകളിൽ

വെളിച്ചെണ്ണയ്ക്ക് ക്ഷാമം

മാവേലി സ്റ്റോറുകളിലും സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിലും വെളിച്ചെണ്ണയ്ക്ക് ക്ഷാമമാണ്.ശബരി ബ്രാൻഡിലുള്ള വെളിച്ചെണ്ണയാണ് ഇവിടങ്ങളിൽ വിതരണത്തിനെത്തുന്നത്.500 ഗ്രാമിന്റെ പായ്ക്ക് 45 രൂപ സബ്‌സി​ഡി നിരക്കിലാണ് കാർഡുടമകൾക്ക് വിതരണം ചെയ്യുന്നത്.ഡിമാൻഡ് വർദ്ധിച്ചതോടെ പലയിടങ്ങളിലും സ്റ്റോക്ക് എത്തുന്ന ദിവസം തന്നെ വിറ്റുതീരുന്നു.