കൊച്ചി: കൊറോണ രോഗ പശ്ചാത്തലത്തിൽ ബി.പി.സി.എൽ സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ മാർച്ച് 27 മുതൽ ഏപ്രിൽ 7 വരെ പ്രഖ്യാപിച്ചിരുന്ന ലോംഗ് മാർച്ചും രാജ്ഭവൻ മാർച്ചും മാറ്റിവച്ചു. എറണാകുളം ഗസ്റ്റ് ഹൗസിൽ ആർ.ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി യോഗത്തിലായിരുന്നു തീരുമാനം. ബി.പി.സി.എൽ തൊഴിലാളികൾ ഏപ്രിൽ 20, 21 തീയതികളിൽ നടത്തുന്ന 48 മണിക്കൂർ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഏപ്രിൽ 17ന് കേരളത്തിൽ എല്ലാ തൊഴിൽ മേഖലകളിലും കരിദിനം ആചരിക്കും. അന്നേദിവസം എല്ലാ തൊഴിൽ കേന്ദ്രങ്ങളിലും പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിക്കും. ഏപ്രിൽ 7ന് രാവിലെ 10ന് കേന്ദ്ര, കേരള ,പൊതുമേഖല തൊഴിലാളികളുടെ സംയുക്ത ദേശീയ കൺവെൻഷൻ എറണാകുളത്ത് ചേരും. ജനുവരി 8ന് ദേശീയ പണിമുടക്കിൽ പങ്കെടുത്ത തൊഴിലാളികളുടെ പിടിച്ചു വച്ച 4 ദിവസത്തെ ശമ്പളം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ബി.പി.സി.എൽ ചെയർമാന് സംയുക്ത ട്രേഡ് യൂണിയൻ സമിതി കത്ത് നൽകും. ഈ വിഷയത്തിൽ കേരളത്തിലെ എല്ലാ എം.പിമാരുടെയും ഒപ്പ് ശേഖരിച്ച് പെട്രോളിയം മന്ത്രിക്ക് കത്ത് നൽകും. യോഗത്തിൽ കെ.പി രാജേന്ദ്രൻ, കെ.ചന്ദ്രൻപിള്ള ,ജെ.ഉദയഭാനു, ചാൾസ് ജോർജ്, പി.എ ഷാഹുൽ ഹമീദ്, എം.ശ്രീകുമാർ, പി.എം ദിനേശൻ, ടോമി മാത്യു, കളത്തിൽ വിജയൻ തുടങ്ങിയ സംസ്ഥാന നേതാക്കൾ പങ്കെടുത്തു.