തൃക്കാക്കര : പ്രളയ ദുരിതാശ്വാസഫണ്ട് തട്ടിപ്പിലെ മുഖ്യപ്രതി വിഷ്ണുപ്രസാദ് കളക്ടറേറ്റിലെ ഒരു വനിത ജീവനക്കാരി ഉൾപ്പെടെ രണ്ട് താത്ക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്കും പണം കൈമാറിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി.പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിക്കുന്നതിനിടയിലാണ് വിഷ്ണു പ്രസാദിന്റെ സുഹൃത്തുക്കളായ രണ്ട് താത്ക്കാലിക ജീവനക്കാരുടെ അക്കൗണ്ടിലേക്കും പണം പോയതായി കണ്ടെത്തിയത്.ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു.2019 ൽ കളക്ടറേറ്റിലെ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (കെ.എസ്.ഡബ്ല്യൂ.എ.എൻ) വിഭാഗത്തിൽ താത്ക്കാലിക ജീവനക്കാരനായിരുന്ന പിറവം സ്വദേശി രതീഷ് കുമാർ,നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ (എൻ.ഐ.സി) വനിതാ ജീവനക്കാരി ചിഞ്ചു എന്നിവർക്കാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും 1,60,000 രൂപ കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്.താൻ സഹോദരിയുടെ വിവാഹത്തിന് വിഷ്ണുവിനോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചതാണെന്ന് രതീഷ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകി..വിവാഹത്തിന് 20,000 രൂപ ജീവനക്കാരിൽ നിന്നും പിരിച്ചെന്നും അത് കുറച്ച് 80,000 രൂപ വിഷ്ണു മടക്കിവാങ്ങിയതായും രതീഷ് പറഞ്ഞു.വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ ഇത് സത്യമാണെന്ന് കണ്ടെത്തി.എൻ.ഐ.സി മുൻ ജീവനക്കാരിയുടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മക്ക് ധനസഹായത്തിനായി വിഷ്ണു 60.000 രൂപ ട്രഷറിയിൽ നിന്നും ജീവനക്കാരിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായാണ് കണ്ടെത്തിയത്.എന്നാൽ ചികിത്സ സഹായത്തിനായി ജീവനക്കാരിൽ നിന്നും പിരിച്ചതാണെന്നാണ് വിഷ്ണു യുവതിയോട് പറഞ്ഞതായി യുവതി മൊഴി നൽകി.ഇതിന്റെ പേരിൽ ജീവനക്കാരിൽ നിന്നും വിഷ്ണു 45,000 രൂപ പിരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.കേസിലെ പ്രധാന പ്രതികളായ വിഷ്ണുപ്രസാദിനെയും,മഹേഷിനെയും കസ്റ്റഡി കാലാവധി കഴിഞ്ഞതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കും. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മറ്റി അംഗമായ എം.എം.അൻവർ, അൻവറിന്റെ ഭാര്യയും അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ കൗലത്ത്, രണ്ടാംപ്രതി മഹേഷിന്റെ ഭാര്യ നീതു എന്നിവർ ഇപ്പോഴും ഒളിവിലാണ്.