കൊച്ചി : കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ഹൈക്കോടതി ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി ചീഫ് ജസ്റ്റിസിന്റെ വക സ്റ്റിക്കർ വിതരണം ചെയ്യുന്നു. എന്റെ കുട്ടിക്കാലം എന്ന പേരിലുള്ള ബോധവത്കരണ പരിപാടിക്കായി ആയിരത്തോളം സ്റ്റിക്കറുകളാണ് ചീഫ് ജസ്റ്റിസിന്റെ ചെലവിൽ അച്ചടിച്ച് കേരള ലീഗൽ സർവീസ് അതോറിറ്റി മുഖേന വിതരണം ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ നേരത്തെ പോണ്ടിച്ചേരി സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ ചെയർമാനായിരുന്നു. ആ നിലയ്ക്ക് ഒാണറേറിയമായി ലഭിച്ച തുകയാണ് ചീഫ് ജസ്റ്റിസ് സ്റ്റിക്കർ പ്രിന്റ് ചെയ്യാൻ ചെലവിട്ടത്.

അടിയന്തര ഘട്ടത്തിൽ ബന്ധപ്പെടേണ്ട ചെൈൽഡ് ലൈനിന്റെയും കെൽസയുടെയും പൊലീസിന്റെയും നമ്പരുകളും സ്റ്റിക്കറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈക്കോടതിയിലെ ജുഡിഷ്യൽ ഒാഫീസർമാരുടെയും അഭിഭാഷകരുടെയും വാഹനങ്ങൾക്കു പുറമേ പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളിലും ഇൗ സ്റ്റിക്കറുകൾ പതിപ്പിക്കാൻ നൽകും. കെൽസയാണ് സ്റ്റിക്കറുകൾ വിതരണം ചെയ്യുന്നത്.