പദ്ധതിക്ക് 17 ലക്ഷം രൂപ
കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിൽ നെൽകൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിന് ചിറകൾ പുനർനിർമ്മിച്ച് കർഷകർക്ക് ആശ്വാസമേകുകയാണ് പഞ്ചായത്ത് ഭരണ സമിതി. ശുദ്ധജല സ്രോതസുകൾക്കും ഇവ ഗുണകരമാകും. പഞ്ചായത്തിലെ ഏഴാം വാർഡിൽ ഇപ്പോൾ നിമ്മാണം ആരംഭിച്ചിരിക്കുന്ന തിരുമാറാടി വടക്കുംപുറം പാടത്തെ കീഴ്ച്ചിറയുടെ പണി പൂർത്തിയാകുന്നതോടെ 65 ഏക്കർ പാടശേഖരത്തിനാണ് ജലലഭ്യത ഉറപ്പാക്കുന്നത്.ഇതിനായി പഞ്ചായത്ത് പദ്ധതിയിൽപ്പെടുത്തി 17 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. വെള്ളം ക്രമീകരിക്കുന്നതിനായി ലോഹനിർമ്മിത ഷട്ടറുകളാണ് ചിറയിൽ സ്ഥാപിക്കുന്നത്. മുൻ കാലത്ത് മര പലകകൾ ഉപയോഗിച്ചാണ് ഇവ ചെയ്തിരുന്നത്, കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായ ചിറകൾ നവീകരിക്കണമെന്ന കർഷകരുടെ ദീർഘകാലത്തെ ആവശ്യമാണ് പഞ്ചായത്ത് ഭരണ സമിതി നടപ്പിലാക്കുന്നത്. മണ്ണത്തൂർ പാടശേഖരങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന പുല്ലായിച്ചിറ ഏഴ് ലക്ഷം രൂപ ചെലവൊഴിച്ചാണ് നിർമ്മിച്ചത്. വാളിയപ്പാടം തോട്ടിൽ മഹാദേവക്ഷേത്രം ആറാട്ടുകടവിന് സമീപം 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച കമലമറ്റം ചിറ പുനർനിർമ്മിക്കുക വഴി വാളിയപ്പാടം, കമലമറ്റം പാടങ്ങൾ ഉൾപ്പടെ 80 ഏക്കറോളം പാടശേഖരങ്ങൾക്കാണ് പ്രയോജനം ലഭിക്കുന്നത്. മുട്ടത്തുമാക്ക്, കാഞ്ഞിരമറ്റം പാടശേഖരങ്ങൾക്ക് ജലം ലഭിക്കുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ 14 ലക്ഷം രൂപ വിനിയോഗിച്ചുകൊണ്ടാണ് മുട്ടത്തുമാക്ക് ചിറ നിർമ്മാണം പൂർത്തിയാക്കിയത്. ഇടമറ്റം ചിറ 10 ലക്ഷം രൂപ ചിലവിൽ പുനർനിർമ്മിക്കുകവഴി തിരുമാറാടി പാടശേഖരത്തിൽ പെടുന്ന 30 ഏക്കറോളം പ്രദേശത്തിന് പ്രയോജനം ലഭിച്ചു. എലിയാടിച്ചിറ, കണ്ണൻചിറ, കുറവമ്പിള്ളിചിറ, പൂച്ചാലിച്ചിറ, വാളിയപ്പാടം ചിറകൾ 10 ലക്ഷം രൂപ ചിലവൊഴിച്ച് നവീകരിച്ചു. ഇതുവഴി മണ്ണത്തൂർ പള്ളിത്തഴം മുതൽ വാളിയപ്പാടം വരെയുള്ള പാടശേഖരങ്ങളിലും കാവുംഭാഗം, മാളികത്താഴം പാടശേഖരങ്ങളിലും ജലസേചനം ഉറപ്പാക്കി.
ഇടപ്പാലിചിറ പുനർനിർമ്മാണം ഈ വർഷം
കാക്കൂർ വെസ്റ്റ് പാടശേഖരത്തിലെ 20 ഏക്കർ നിലത്തിന് പ്രയോജനം ലഭിക്കുന്ന ഇടപ്പാലിചിറയുടെ പുനർനിർമ്മാണം ഈവർഷം നടപ്പിലാക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് അവയുടെ ടെണ്ടർ നടപടികൾ പൂർത്തിയാക്കി. ചിറകളുടെ നിമ്മാണവും നവീകരണവും പൂർത്തിയാക്കുക വഴി കാർഷിക മേഖലക്ക് ലഭിക്കുന്ന ആശ്വാസത്തിനൊപ്പം പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിലും ജലലഭ്യത ഉറപ്പാക്കുവാൻ കഴിയുന്നുണ്ട് എന്നത് മറ്റൊരു പ്രയോജനമാണ്.
അഞ്ചാമത്തെ ചിറയുടെ നിർമ്മാണം ആരംഭിച്ചു
നെൽകൃഷി അന്യം നിന്നുപോകുന്ന പല പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ് തിരുമാറാടി ,പാടശേഖരങ്ങൾ സംരക്ഷിച്ച് കൃഷിയെ പുനരുജ്ജീവിപ്പിക്കാൻ സാധ്യമായതെല്ലാം ഗ്രാമ പഞ്ചായത്ത് ചെയ്യുന്നുണ്ട്,കഴിഞ്ഞ നാല് വർഷങ്ങൾ കൊണ്ട് നാല് ചിറകൾ നിർമിച്ച പഞ്ചായത്തിൽ അഞ്ചാമത്തെ ചിറയുടെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.മറ്റൊരു ചിറയുടെ നിർമ്മാണത്തിനായുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി.കൂടാതെ അഞ്ച് ചിറകൾ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കുകയും ചെയ്തു.