medicollege
എറണാകുളം മെഡിക്കൽ കോളേജ്

കൊച്ചി: പരിമിതികളും പരാതികളും ഒഴിവാക്കി കൊറോണ വൈറസിനെ നെഞ്ചുറപ്പോടെ ഒറ്റക്കെട്ടായി നേരിടുകയാണ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും. ഐസലേഷൻ വാർഡിലുള്ളവരെ ഇമ ചിമ്മാതെ സൂക്ഷ്‌മമായി നിരീക്ഷിക്കണം. ആശങ്കയോടെ പരിശോധനകൾക്ക് ദിവസവും വരുന്നവരെയെല്ലാം ആശ്വസിപ്പിക്കണം.

രോഗം പകരുന്നത് തടയാൻ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് ഡോക്ടർമാർ ഉൾപ്പെടെ പ്രവർത്തിക്കുന്നത്.

നിപ്പയെ വിജയകരമായി നേരിട്ട ധൈര്യമാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കരുത്ത്. പലപ്പോഴും പരാതി കേൾക്കാറുള്ള മെഡിക്കൽ കോളേജ് അധികൃതർക്ക് നന്ദിയും അഭിവാദ്യവും അർപ്പിച്ചാണ് ഇപ്പോൾ രോഗികളും രോഗം സംശിയിച്ച് വരുന്നവരും മടങ്ങുന്നത്.

 ഡ്യൂട്ടി നാലു മണിക്കൂർ

ഡോക്ടർമാർക്കും നഴ്സുമാർക്കുമടക്കം നാലു മണിക്കൂർ വീതമാണ് ജോലിസമയം. ധരിക്കുന്ന പ്രത്യേക വസ്ത്രത്തിൽ സൗകര്യപ്രദമായി കഴിയാൻ പറ്റുന്ന സമയം കണക്കാക്കിയാണ് നാല് മണിക്കൂർ നിശ്ചയിച്ചത്. നാല് ഷിഫ്റ്റുകളിലായി നഴ്സുമാർ രോഗികളെ പരിശോധിക്കും. ആശുപത്രി അധികൃതരും രോഗികളെ വിളിച്ച് വിവരമന്വേഷിക്കും. അവശ്യഘട്ടത്തിൽ വാട്‌സാപ്പ് വഴി കൊറോണ വിദഗ്ദ്ധ ഡോക്ടർമാരുമായും സംസാരിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

 പേടിക്കേണ്ട

'മൂക്കടപ്പ് പോലും വരല്ലേ.. കൊറോണയെന്ന് പറഞ്ഞ് ആശുപത്രിയിൽ കൊണ്ടിടില്ലേ. ഒരു മനുഷ്യനെയും കാണാതെ, ജയിലിൽ കിടക്കുന്ന പോലെ കിടക്കേണ്ടി വരില്ലേ.' കൊറോണ ആശങ്ക പങ്കുവച്ച സാധാരണക്കാരന്റെ വാക്കുകളാണിത്. കൊറോണയേക്കാൾ സാധാരണക്കാരന്റെ പേടി ആശുപത്രിയിലെ ഐസൊലേഷൻ വാർഡെന്ന് വ്യക്തം. ഐസൊലേഷൻ വാർഡിനെ കുറിച്ച് പേടിയേ വേണ്ടെന്നാണ് അധികൃതരുടെ ഉറപ്പ്. രോഗം സ്ഥിരീകരിച്ച കുട്ടിക്ക് പാസ്തയൊക്കെ വാങ്ങി നൽകിയെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറയുമ്പോൾ തന്നെ അറിയില്ലേ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡ് പൊളിയാണെന്ന്!

 ഒറ്റയ്ക്കാവില്ല

ഐസൊലേഷനിൽ കഴിയേണ്ട 28 ദിവസവും ലോകവുമായുള്ള ബന്ധം തീർത്തും ഇല്ലാതാകുമെന്ന പേടിയേ വേണ്ടെന്ന് ഉറപ്പ് തരികയാണ് അധികൃതർ. താല്പര്യമുണ്ടെങ്കിൽ കിടക്കയിലും ജോലി ചെയ്യാം,​ പഠിക്കാം,​ ആശങ്ക അകറ്റാൻ ഡോക്ടർമാരുമായി സംസാരിക്കാം,​ ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. ഒരൊറ്റ നിബന്ധന മാത്രമേയുള്ളൂ,​ പുറത്തിറങ്ങരുത്. പുറത്തിറങ്ങാതെ തന്നെ ഈ കാര്യങ്ങളൊക്കെ ചെയ്യാനുള്ള സൗകര്യം കളമശേരിയിലെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഓരോ മണിക്കൂറും ഐസൊലേഷൻ വാർഡ് വൃത്തിയാക്കും. രോഗലക്ഷണങ്ങളാൽ നിരീക്ഷണത്തിലുള്ളവർക്ക് അസുഖം ഭേദമാകാൻ ശരീരത്തിനാവശ്യമായ പോഷകങ്ങൾ ലഭ്യമാകുന്ന വിധത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്.
മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങളെല്ലാം അനുവദിച്ചിട്ടുണ്ട് ഐസൊലേഷൻ വാർഡിൽ. ഇതുപയോഗിച്ച് കമ്പനി അനുവദിക്കുന്ന പക്ഷം ജോലി ചെയ്യേണ്ടവർക്ക് ജോലിയിൽ തുടരാം. പഠിക്കേണ്ടവർക്ക് അതുമാകാം. എല്ലാ ദിവസവും സൈക്യാട്രിസ്റ്റിന്റെ കൗൺസിലിംഗ് ഉണ്ടായിരിക്കും. ആശങ്കകളും ബുദ്ധിമുട്ടുകളും ഇവരുമായി ചർച്ച ചെയ്യാം.

 മൂന്ന് വയസുകാരൻ ഉഷാർ

കൊറോണ ബാധ സ്ഥിരീകരിച്ച മൂന്നു വയസുകാരൻ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ മുറിയിലുണ്ട്. രോഗബാധിതരായ അച്ഛനുമമ്മയ്ക്കുമൊപ്പമാണ് അവനും കഴിയുന്നത്. ഒരു മുറിക്കുള്ളിൽ കഴിയുകയാണെങ്കിലും രക്ഷിതാക്കളൊപ്പമുള്ളതിനാൽ വാശി കുറവാണ് അവന്. കുരുന്നിന് ഇഷ്ടമുള്ളതെല്ലാം ഒരുക്കി നൽകുകയാണ് അധികൃതർ.

 നിപ്പ പഠിപ്പിച്ച പാഠം

''നിപ്പ കാലത്ത് ഉണ്ടാക്കിയ പ്രോട്ടോക്കോൾ അനുസരിച്ചാണ് കാര്യങ്ങൾ നീങ്ങുന്നത്. ഡോക്ടർമാരടക്കം എല്ലാവർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.''

ഡോ.ഗീതാ നായർ

മെഡിക്കൽ സൂപ്രണ്ട്

മെഡിക്കൽ കോളേജ്