കോലഞ്ചേരി: കൊറോണ, സമസ്ത മേഖലകളും സ്തംഭനത്തിൽ. വ്യാപാര വ്യവസായ രംഗം പാടെ തകർന്നു. ഗ്രാമീണ മേഖലകളടക്കം നഗരങ്ങളിൽ പോലും തിരക്കില്ല.ബസുകൾ യാത്രക്കാരില്ലാതായതോടെ വൈകിട്ടുള്ള സർവീസുകൾ ഉപേക്ഷിക്കുന്നു. ടൂഷൻ സെന്ററുകളും മദ്റസാ വിദ്യാഭ്യാസമുൾപ്പെടെയുള്ള വിദ്യാലയങ്ങൾക്കുള്ള വിലക്കുകൾക്കു പുറമെ നഗരങ്ങളിലെയും ഗ്രാമങ്ങളിലേയും തീയറ്ററുകളും അടച്ചു പൂട്ടിയതോടെ നഗരം വിജനമായി.
സംസ്ഥാന വനം വകുപ്പിനു കീഴിലുള്ള എല്ലാ ഇക്കോ ടൂറിസം സെന്ററുകളും മാർച്ച് 31 വരെ അടച്ചിടുവാൻ ഗവൺമെന്റ് ഉത്തരവ് ഇറക്കി. പ്രകൃതി പഠന കേന്ദ്രം, കാലടി ഡിവിഷനു കീഴിലുള്ള കപ്രിക്കാട് അഭയാരണ്യം, പാണംകുഴി, നെടുമ്പാറച്ചിറ, നെടുമ്പാശേരി സുവർണോദ്യാനം, എറണാകുളം മംഗളവനം എന്നീ കേന്ദ്രങ്ങൾ മാർച്ച് 31 വരെ തുറന്ന് പ്രവർത്തിക്കരുതെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ മുന്നറിയിപ്പ് നൽകി. ചെറിയ വിനോദ സഞ്ചാരങ്ങളിലും കളിസ്ഥലങളിലും ആളുകളെത്താതായതിനാൽ ഗ്രാമ പ്രദേശങ്ങളിൽ പോലും വിജനത അനുഭവപെടുന്നുണ്ട്. പ്രധാന ആവശ്യങ്ങളൊഴിച്ച് ബാക്കി കാര്യങ്ങൾക്ക് ജനം പുറത്തിറങ്ങാതായി
ഉണ്ടാക്കുന്ന ആഹാരങ്ങൾ ബാക്കി
ഹോട്ടൽ തുടങ്ങിയിട്ട് എട്ടു വർഷമായി നാളിതു വരെ ഇല്ലാത്ത മന്ദതയാണ് നിലവിലുള്ളത് , ബേക്കറിയിൽ കച്ചവടമില്ല ,കൂടാതെ ഹോട്ടലിലെ വിറ്റു വരവ് നാലിലൊന്നായി കുറഞ്ഞു. ജോലിക്കാർക്ക് ശമ്പളം കൊടുക്കാനുള്ള തുക പോലും വിറ്റു വരവില്ല. ഉണ്ടാക്കുന്ന ആഹാരങ്ങൾ ബാക്കി വരുന്നു. ഞായറാഴ്ച വരെ നോക്കും. തൽസ്ഥിതി തുടർന്നാൽ അടച്ചിടും
ബഷീർ, റോയൽ റസ്റ്റോറന്റ് ആൻഡ് ബേക്കറി പട്ടിമറ്റം
പെട്രോൾ,ഡീസൽ വില്പന താഴ്ന്നു
ഇരുപത് വർഷമായി പെട്രോൾ പമ്പ് തുടങ്ങിയിട്ട് രണ്ടു ദിവസമായി പെട്രോൾ,ഡീസൽ വില്പന 1000 ലിറ്ററിൽ താഴ്ന്നു. പ്രതി ദിനം 4000-6000 ലിറ്റർ വില്പനയുണ്ടായിരുന്ന സ്ഥാനത്താണ് ഈ മാറ്റം. പമ്പ് തുടങ്ങിയതിന് ശേഷം ആദ്യത്തെ അനുഭവമാണ്.
സതീഷ് കെ.വി, മാനേജർ, ആലപ്പാട്ട് പെട്രോളിയം മണ്ണൂർ
ഓട്ടം നാലിലൊന്നായി കുറഞ്ഞു
അഞ്ചു വർഷമായി ഓട്ടോ റിക്ഷ ഓടിക്കുന്നു. മുമ്പൊരിക്കലും സംഭവിക്കാത്ത വിധം ഓട്ടം നാലിലൊന്നായി കുറഞ്ഞു. രാവിലെ 6 മണിയ്ക്ക് പട്ടിമറ്റത്തെ സ്റ്റാൻഡിൽ വന്നാൽ രാത്രി 8 വരെ ഓടാറുണ്ട്. രണ്ടു ദിവസമായി വൈകിട്ട് 4 മണിയോടെ ഓട്ടം അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് പോകുന്നു.
പി.ഡി ശിവൻ ,ഡ്രൈവർ, പട്ടിമറ്റം
ബസ് സർവീസ് നിർത്തി വെക്കേണ്ട അവസ്ഥ
ഇന്നലെ ബസ് നിരത്തിലിറക്കിയെങ്കിലും, കൈയിൽ നിന്നും പണം അങ്ങോട്ട് കൊടുത്താണ് ജീവനക്കാരുടെ ബാറ്റയും, ഡീസൽ അടിച്ച പണവും നൽകിയത്. ഇന്ന് രണ്ട് ബസുകൾ വർക്ക് ഷോപ്പിലേയ്ക്ക് മാറ്റി. ഈ സ്ഥിതി തുടർന്നാൽ സർവീസ് നിർത്തി വയ്ക്കും
വിനോദ് കുമാർ.ജി, വൈസ് പ്രസിഡന്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കോലഞ്ചേരി
ബീവറേജസിൽ വില്പന കൂടുതൽ
കച്ചവടത്തിന് ഒരു കുറവുമില്ലാത്തതും വില്പന കൂടുതൽ നടക്കുന്നതുമായ ഒരിടം മാത്രമാണുള്ളത്. അത് ബീവറേജസ് ഷോപ്പ് മാത്രം. പ്രതിദിനം നടക്കുന്നതിനേക്കാൾ രണ്ടു ലക്ഷം രൂപയുടെ വില്പന കൂടുതലുണ്ട്.
ജീവനക്കാരൻ, പെരുമ്പാവൂർ കെ.എസ്.ബി.സി ചില്ലറ വില്പന ശാല
കച്ചവടം നാലിലൊന്നായി കുറഞ്ഞു
പൊതുജനം പുറത്തിറങ്ങുന്നില്ല. പിന്നെ കച്ചവടമെങ്ങനെ നടക്കും. നിലവിലുള്ള വില്പനയിൽ നിന്ന് ഒറ്റ ദിവസം കൊണ്ട് കച്ചവടമിടിഞ്ഞ് നാലിലൊന്നായി. ഈ സ്ഥിതി തുടർന്നാൽ കട തുറക്കാൻ കഴിയാതെ വരും.
ഗോപൻ, പലചരക്ക് മൊത്ത വ്യാപാരി,ഐശ്വര്യ ട്രേഡേഴ്സ് പട്ടിമറ്റം