ആലുവ: വയോധികന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയെത്തുടർന്ന് ആലുവ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ വി.എസ്. നവാസിനെ സസ്‌പെൻഡ് ചെയ്തതോടെ ആലുവ സ്റ്റേഷൻ വീണ്ടും അനാഥമാകുമെന്ന് ആശങ്ക. മാസങ്ങളോളം സി.ഐ റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥനില്ലാതിരുന്നതിനാൽ എസ്.എച്ച്.ഒ ചുമതല ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നതിനെ തുടർന്ന് രണ്ടുമാസംമുമ്പാണ് വി.എസ്. നവാസ് ചുമതലയേറ്റത്.
ഇതിനിടയിൽ കുറച്ചുനാൾ എസ്.എച്ച്.ഒ ചുമതല വഹിച്ചിരുന്നത് സ്റ്റേഷനിലെ എസ്.ഐയായിരുന്നു. ഇവിടെ സി.ഐയായി ചുമതലയേറ്റവരിൽ ചിലർ സ്ഥലം മാറ്റം ചോദിച്ച് മാറിപ്പോകുന്ന സാഹചര്യവും ഉണ്ടായി. ആലുവ പൊലീസ് സ്റ്റേഷൻ പ്രശ്‌നബാധിത സ്റ്റേഷൻ എന്ന നിലയിലാണ് പൊലീസുകാർ കാണുന്നത്. കേസുകളുടെ എണ്ണക്കൂടുതലും സ്റ്റേഷൻ അതിർത്തിയിലെ ക്രിമിനൽ സാന്നിദ്ധ്യവുമെല്ലാം സാധാരണ ഉദ്യോഗസ്ഥരെ ആലുവയിൽ ജോലി ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയാണ്. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുമ്പോഴാണ് ശബരിമല ഡ്യൂട്ടി നിർവഹിച്ച ശേഷം വി.എസ്. നവാസ് ആലുവയിൽ ചാർജെടുത്തത്.
സിറ്റിയിൽ ജോലി ചെയ്യുമ്പോൾ മേൽഉദ്യോഗസ്ഥന്റെ സമ്മർദ്ദത്തെ തുടർന്ന് ഇദ്ദേഹം രഹസ്യമായി സ്ഥലത്ത് നിന്നും മാറി നിന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത് ചില ഉദ്യോഗസ്ഥരിൽ സി.ഐക്കെതിരെ കടുത്ത എതിർപ്പിന് ഇടയാക്കിയെങ്കിലും നടപടി ഉണ്ടായില്ല. ഇപ്പോഴത്തെ വേഗത്തിലുള്ള നടപടിക്ക് പിന്നിൽ ഇത്തരത്തിൽ നീരസമുള്ള ഉദ്യോഗസ്ഥരുടെ ഇടപെടലും ഉണ്ടെന്ന് ആക്ഷേപമുണ്ട്.
അർദ്ധരാത്രി വരെ സഹപ്രവർത്തകർക്കൊപ്പം ജോലി ചെയ്യുന്ന ആത്മാർത്ഥയുള്ള ഉദ്യോഗസ്ഥനെയാണ് ഇല്ലാത്ത ആരോപണം ഉയർത്തി സസ്‌പെൻഡ് ചെയ്തതെന്നാണ് പൊലീസുകാർ പറയുന്നത്. രാവിലെ ഇൻക്വസ്റ്റ് നടപടി തുടങ്ങാൻ വൈകിയതിന് കുറ്റക്കാരൻ സി.ഐയല്ല, എന്നിട്ടും സി.ഐക്കെതിരെ നടപടിയെടുത്തത് വിചിത്രമാണെന്നാണ് പൊലീസുകാർ പറയുന്നത്.
അന്വേഷിക്കേണ്ടത് 340 കേസുകൾ
ആലുവ പൊലീസ് സ്റ്റേഷനിൽ മാത്രം 340 കേസുകളാണ് അന്വേഷിക്കാനുള്ളത്. അംഗബലക്കുറവ് രൂക്ഷമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇതിനിടയിലാണ് നിത്യേനയുള്ള പ്രകടനവും സമരവുമെല്ലാം. മുടങ്ങിക്കിടക്കുന്ന കേസ് അന്വേഷണം പുനരാരംഭിക്കുമ്പോഴേക്കും മറ്റെന്തെങ്കിലും വരും. സി.ഐ സസ്‌പെൻഷനിലാകുന്നതിന് പുറമെ അഞ്ച് പൊലീസുകാരുടെ സ്ഥലം മാറ്റവും സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റിക്കും. സ്ഥലം മാറുന്ന പൊലീസുകാർക്ക് പകരം ആലുവയിലേക്ക് വരാൻ പലർക്കും മടിയാണ്. അമിതജോലി ഭാരമാണ് കാരണം.