ഭാര്യയ്ക്കും മൂന്നു പെൺമക്കൾക്കും കടുത്ത മാനസിക, ശാരീരിക പീഡനം
കൊച്ചി: സൗദിയിൽ ജോലി ചെയ്യുന്നതിനിടെ മതം മാറി ഇസ്ളാമായ ഹിന്ദുയുവാവ് നാട്ടിലെത്തി ഭാര്യയെയും മൂന്ന് പെൺമക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുന്നതായി പൊലീസിൽ പരാതി. എതിർപ്പ് പ്രകടിപ്പിച്ച ഭാര്യയെയും മക്കളെയും ആക്രമിക്കാൻ നീക്കം നടത്തിയതായും പരാതിയിൽ പറയുന്നു.
കുട്ടമശേരി ചാലയ്ക്കൽ പാലത്തിങ്കൽ വീട്ടിൽ സുശീലന്റെ ഭാര്യ റൈനയും മൂന്നു പെൺമക്കളുമാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ബുധനാഴ്ച രാത്രി വീട്ടിൽ വച്ച് മതം മാറിയില്ലെങ്കിൽ വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണി. റൈനയുടെയും മക്കളുടെയും കരച്ചിൽ കേട്ട് നാട്ടുകാർ ഓടികൂടിയതോടെ പ്രതി പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി മുങ്ങി. പൊലീസ് എത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല. തീവ്രനിലപാടുള്ള പരിസരവാസികളായ ചിലരാണ് ഇയാൾക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്. ഈ പ്രശ്നത്തെ ചൊല്ലി മുസ്ളീം വിശ്വാസികളിലും ഭിന്നതയുണ്ട്. മതംമാറ്റത്തിന്റെ പേരിൽ സമൂഹത്തിൽ അനാവശ്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ പള്ളിയിലെ ഒരു വിഭാഗം രംഗത്തുവന്നതായി അറിയുന്നു.
ഇന്നലെ രാവിലെ എസ്.എൻ.ഡി.പി യോഗം ചാലക്കൽ ശാഖ ഭാരവാഹികൾക്കൊപ്പമെത്തിയാണ് റൈന എസ്.പിക്ക് പരാതി നൽകിയത്. സൗദിയിൽ പെയിന്ററായിരുന്ന സുശീലൻ കഴിഞ്ഞ മൂന്നിനാണ് നാട്ടിലെത്തിയത്. വിവാഹ ശേഷം മൂന്ന് തവണ മാത്രമേ ഇയാൾ അവധിക്കെത്തിയിട്ടുള്ളൂ. റൈനയോട് ഫോണിൽ സംസാരിക്കുമ്പോൾ ഇസ്ലാം മതം സ്വീകരിക്കണമെന്ന് സുശീലൻ ഈയിടെ ആവശ്യപ്പെടുമായിരുന്നു.
ആറ് മാസം മുമ്പ് കോതമംഗലത്ത് നിന്നുള്ള ദമ്പതികൾ ഇതേ ആവശ്യവുമായി വീട്ടിലെത്തിയപ്പോൾ റൈനയുടെ സഹോദരൻ എതിർത്ത് മടക്കി അയച്ചു. ഇക്കുറി നാട്ടിലെത്തിയ സുശീലൻ സുലൈമാൻ എന്ന പേര് സ്വീകരിച്ചതായി പറയുന്നു. സമീപത്തെ പള്ളിയിൽ നിസ്കാരത്തിലും പങ്കെടുത്തു.
വീട്ടിൽ നിന്നും ഹൈന്ദവ വിശ്വാസപ്രകാരമുള്ള ദൈവങ്ങളുടെ ചിത്രങ്ങളും നീക്കി. റൈന ഇതിനെ എതിർത്ത് പിറന്ന കുലവും സംസ്കാരവും ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സുശീലൻ അക്രമത്തിലേക്കും ഭീഷണിയിലേക്കും തിരിഞ്ഞു.
റൈനയുടെ പേരിലുള്ള വീടും സ്വത്തുക്കളും തന്റെ പേരിലാക്കി ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട് മാനസികമായും ശാരീകരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. 13 ഉം, 10ഉം, അഞ്ചും വയസുള്ള മൂന്ന് പെൺകുട്ടികളാണ് ഇവർക്കുള്ളത്.