കൊച്ചി: എറണാകുളം ഗാന്ധിനഗർ മുതൽ കടവന്ത്ര പൊലീസ് സ്റ്റേഷൻ വരെ റോഡിൽ കുഴികളുടെ പ്രളയമാണ്. അപകടങ്ങൾ നിത്യ സംഭവം. മാവേലി റോഡിൽ കുഴിയില്ലാത്ത ഭാഗമില്ലെന്ന് തന്നെ പറയാം. മഴ പെയ്താൽ അക്ഷരാർത്ഥത്തിൽ കുളമാകും. ജീവൻ പണയം വച്ചാണ് ഈ റോഡിലൂടെ ആളുകൾ യാത്ര ചെയ്യുന്നത്. തൊട്ടടുത്തുള്ള സലിംരാജൻ റോഡിന്റെ അവസ്ഥ ഇതിനേക്കാൾ കഷ്ടം.

ഇത് രണ്ടും വെറും ഇടറോഡുകളല്ല. കാൽ മണിക്കൂർ ഇടവിട്ട് സൂപ്പർഫാസ്റ്റ് ഉൾപ്പെടെ കെ.എസ്.ആർ.ടി.സി ബസുകൾ കടന്നുപോകുന്ന റോഡാണ്. എം.ജി റോഡിലേക്കുള്ള എളുപ്പവഴിയെന്ന നിലയിൽ വൈറ്റില വഴി വരുന്ന സ്വകാര്യ വാഹനങ്ങളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. സപ്ളൈകോ ഹൈപ്പർമാർക്കറ്റ്, കൺസ്യൂമർ ഫെഡ്, സ്കൂളുകൾ, ഹോസ്റ്റൽ, സിഡ്കോ ഗാരേജ്, സെൻട്രൽ വെയർ ഹൗസിംഗ് തുടങ്ങി നിരവധി കേന്ദ്ര സംസ്ഥാന ഓഫീസുകളും ഈ ഭാഗത്തുണ്ട്.സലിംരാജൻ റോഡിന്റെ ഇരു ഭാഗത്തുമായി ആയിരത്തോളം വീടുകളാണുള്ളത്.

# ദുരിതം പുത്തരിയല്ലെന്ന് നാട്ടുകാർ

മാവേലി റോഡും സലിം രാജൻ റോഡും നേരെ ചൊവ്വേ ടാറു ചെയ്തിട്ട് ഏഴു വർഷമായി. ജനരോഷം ഭയന്ന് കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിന് മുമ്പ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ഇടയ്ക്കിടെ കുഴിയടയ്ക്കലും നടക്കും. ഇതിനുവേണ്ടി ലക്ഷങ്ങളാണ് പൊടിക്കുന്നത്. ചില സമയങ്ങളിൽ കുഴികളിൽ വെറ്റ് മിക്സ് കൊണ്ടിടും. പൊടി കൊണ്ട് ജനം വലയും. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിക്കുന്നതാണ് മറ്റൊരു ഭീഷണി

# മേയർ പണി തരുന്നെന്ന് കൗൺസിലർ

ഗാന്ധിനഗറിലെ റോഡുകൾ ബി.എം.ആൻഡ്.ബി.സി നിലവാരത്തിൽ ടാറു ചെയ്യുന്നതിന് ഒന്നര കോടി രൂപ വേണ്ടിവരും. ഇത്രയും പണം പൊതുഫണ്ടിൽ നിന്ന് ചെലവഴിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് നഗരസഭ ധനകാര്യ സമിതി ഫയലുകൾ മടക്കി. അമൃത് പദ്ധതി വഴി നടപ്പാക്കാൻ ശ്രമിച്ചുവെങ്കിലും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി മേയർ ഉടക്കിട്ടതിനാൽ ആ നീക്കവും പരാജയപ്പെട്ടു. ഇത്തവണത്തെ ബഡ്ജറ്റിലെങ്കിലും പരിഗണിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.

പൂർണിമ നാരായൺ,​സി.പി.എം കൗൺസിലർ

# നാട്ടുകാർ പ്രക്ഷോഭത്തിന്

റോഡ് ടാർ ചെയ്യണമെന്നാവശ്യപ്പെട്ട് എട്ടു മാസം മുമ്പ് സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. വീണ്ടും പ്രക്ഷോഭത്തിനുള്ള തയ്യാറെടുപ്പിലാണ്.

വിജയകുമാർ,​പ്രസിഡന്റ് ഇ.ഡബ്ല്യു.എസ് നോർത്ത് ബ്ളോക്ക് റെസിഡന്റസ് അസോ.

# ശാപമോക്ഷം കാത്ത്

സമാധി റോഡ്

മാസങ്ങളായി താറുമാറായി കിടക്കുന്ന ചങ്ങമ്പുഴ സമാധി റോഡ് കോർപ്പറേഷൻ അധികൃതരുടെ പിടിപ്പുകേടിന് മറ്റൊരു തെളിവാണ്. ചങ്ങമ്പുഴയുടെ സ്മൃതിമണ്ഡപം, യു.പി സ്കൂൾ, പ്രശസ്തമായ ഇടപ്പള്ളി ഗണപതിക്ഷേത്രം , വ്യാപാരിവ്യവസായി സംഘടനകളുടെ ഓഫീസ് ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ വഴിയിലാണ്. ബി.എം.ആൻഡ്.ബി.സി നിലവാരത്തിൽ ഈ റോഡ് ടാറു ചെയ്യുന്നതിന് കരാർ നൽകി കഴിഞ്ഞെന്നും പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും ഡിവിഷൻ കൗൺസിലർ പി.ജി.രാധാകൃഷ്ണൻ പറഞ്ഞു.