kklm
കൂത്താട്ടുകുളം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മാലിന്യം നിറഞ്ഞ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് സി.ഐ.ടി.യു തൊഴിലാളികൾ ശുചീകരിക്കുന്നു

കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചു പൂട്ടിയിട്ട് 5 മാസം. ടോയ്ലറ്റ് ബ്ലോക്കായി 'ഓവർഫ്ലോ' ചെയ്ത് സ്റ്റേഷൻ മാസ്റ്റർ ഓഫീസിലേക്ക് കക്കൂസ് മാലിന്യങ്ങൾ കയറിയതിനെ തുടർന്നാണ് ഓഫീസ് 2019 നവംബർ മുതൽ അടച്ചിട്ടത്. കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന് നിരവധി പരാതികൾ നൽകിയെങ്കിലും അനങ്ങാപാറ നയത്തിലായതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി.എ (സി.ഐ.ടി.യു ) കൂത്താട്ടുകുളം യൂണിറ്റ് കമ്മറ്റിയിലെ പ്രവർത്തകർ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് വൃത്തിയാക്കുന്നതിന് മുന്നിട്ടിറങ്ങിയത്. യൂണിറ്റ് പ്രസിഡന്റ് സി.ജയകുമാർ, സെക്രട്ടറി പ്രശാന്ത് വേലിക്കകം, കെ.എൻ.സജി, വി.എ.അജി, അനൂപ് ജേക്കബ്, എൻ.അജീഷ് എന്നിവർ നേതൃത്വം നൽകി. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് അടച്ചിട്ടതിനെ തുടർന്ന് മാസങ്ങളായി ടിക്കറ്റ് ആൻഡ് ക്യാഷിന്റെ ഇടുങ്ങിയ റൂമിലാണ് ഓഫീസ് പ്രവർത്തിച്ചിരുന്നത്. കണ്ടക്ടർമാർ കളക്ഷൻ അടക്കുന്നതിന് ഉപയോഗിക്കുന്ന റൂമിൽ തിങ്ങി ഞെരുങ്ങിയാണ് സ്റ്റേഷൻ മാസ്റ്ററും, കൺട്രോളിംഗും,വെഹിക്കിൾ സൂപ്പർവൈസറും മാസങ്ങളായി പ്രവർത്തിച്ചിരുന്നത്. ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സ്ഥലസൗകര്യമോ ഇല്ലാത്ത അവസ്ഥ. കക്കൂസ് മാലിന്യം ക്ലീൻ ചെയ്യാതെ കിടന്നതിനാൽ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാഹചര്യം വളരെ വലുതായിരുന്നു. ശുചീകരിച്ച റൂമിലേക്ക് അടുത്ത ദിവസം മുതൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ് മാറ്റി പ്രവർത്തനമാരംഭിക്കുന്നതാണ്.