കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പത്തര ലക്ഷം രൂപ തട്ടിയെടുത്തകേസിൽ പ്രതിയായ സി.പി.എം തൃക്കാക്കര ഇൗസ്റ്റ് ലോക്കൽ കമ്മിറ്റിഅംഗം കാക്കനാട് രാജഗിരി വാലിയിൽ എം.എം. അൻവറും അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടറായ ഭാര്യ കൗലത്തും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. അൻവറിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് വിശദീകരണം നൽകി.കൗലത്തിന്റെ ഹർജിയിൽ വിശദീകരണം നൽകാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഇരു ഹർജികളും ഒരുമിച്ചു പരിഗണിക്കാൻ മാറ്റി. അൻവർ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ മറ്റൊരു സിംഗിൾബെഞ്ച് ഒഴിഞ്ഞിരുന്നു.

എറണാകുളം ജില്ലാ കളക്ടറേറ്റിലെ ജീവനക്കാരനായ വിഷ്ണു പ്രസാദ്, മഹേഷ് എന്നിവർ ചേർന്ന് തങ്ങളെ കബളിപ്പിച്ച് കേസിൽ കുടുക്കുകയായിരുന്നുവെന്നും തട്ടിപ്പിന് കൂട്ടു നിന്നിട്ടില്ലെന്നുമാണ് ഇരുവരുടെയും ഹർജികളിലെ വാദം. പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് പത്തര ലക്ഷം രൂപ എറണാകുളം അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ അൻവറിന്റെ അക്കൗണ്ട് മുഖേനയാണ് വിഷ്ണുവും മഹേഷും ചേർന്ന് മാറി എടുത്തത്. പാലക്കാട്ടെ ഒരു പൗൾട്രി ഫാമിന്റെ ആവശ്യത്തിനായി സുഹൃത്ത് വാഗ്ദാനം ചെയ്ത പത്ത് ലക്ഷം രൂപ ആദായ നികുതി പ്രശ്നങ്ങൾ ഒഴിവാക്കാൻ തന്റെ അക്കൗണ്ട് വഴി ലഭ്യമാക്കി സഹായിക്കണമെന്ന് മഹേഷ് അഭ്യർത്ഥി​ച്ചി​രുന്നു.ഇതേ തുടർന്നാണ് തന്റെ അക്കൗണ്ട് വഴിപണം എടുത്തു നൽകിയതെന്ന് അൻവറിന്റെ ഹർജിയിൽ പറയുന്നു.