corona-mask

കൊച്ചി: കൊറോണയുടെ മറവിൽ മുഖാവരണങ്ങളും ശുചീകരണ വസ്തുക്കളും കൊള്ളവിലയ്ക്ക് വിറ്റ 16 കടകൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് കേസെടുത്തു. നാലു ജില്ലകളിലെ 121 സ്ഥാപനങ്ങളിൽ വകുപ്പ് റെയ്ഡ് നടത്തി.

എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡെപ്യൂട്ടി കൺട്രോളറുടെ നിർദ്ദേശപ്രകാരം റെയ്ഡ് നടത്തിയത്. കവറിൽ രേഖപ്പെടുത്തിയതിലും അധികം വില ഈടാക്കിയതിനാണ് കേസ്. ഇവർക്കെതിരെ പാക്കേജ്ഡ് കമോഡിറ്റീസ് ആക്ട് ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

മെഡിക്കൽ ഷോപ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, സർജിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധന തുടരുമെന്ന് ഡപ്യൂട്ടി കൺട്രോളർ ജെ.സി. ജീസൺ പറഞ്ഞു. പരിശോധനകൾക്ക് തൃശൂർ ജില്ലയിൽ സേവ്യർ പി. ഇഗ്നേഷ്യസ്, പാലക്കാട്ട് അനൂപ് വി. ഉമേഷ്, ഇടുക്കിയിൽ ഇ.പി. അനിൽകുമാർ, എറണാകുളത്ത് ബി.എസ്. ജയകുമാർ എന്നിവർ നേതൃത്വം നൽകി.