കോലഞ്ചേരി: ഏലപ്പാറയിലെ മാലിന്യം പുത്തൻകുരിശിലേയ്ക്ക് തള്ളുന്നു. പഞ്ചായത്തിലെ വടയമ്പാത്തുമല ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് ആയിരത്തോളം ചാക്കുകളിൽ കെട്ടി മാലിന്യം നിക്ഷേപിച്ചത്. നേരം പുലർന്നപ്പോൾ മാലിന്യ കൂമ്പാരം കണ്ടതോടെ നാട്ടുകാർ പരാതിയുമായി പഞ്ചായത്തിലെത്തി. രാത്രിയുടെ മറവിൽ ലോറിയിൽ കൊണ്ടുവന്നാണ് മാലിന്യം നിക്ഷേപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറി എൻ.അനിൽകുമാർ, സീനിയർ സ്റ്റാഫ് കെ.സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി. ഇടുക്കി വാഗമൺ ഉൾപ്പെടുന്ന ഏലപ്പാറ പഞ്ചായത്ത് കരാർ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന മാലിന്യമാണ് പ്രദേശത്ത് നിക്ഷേപിച്ചിട്ടുള്ളതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ഇതിനെതിരേ ശക്തമായ നടപടിക്കൊരുങ്ങുകയാണ് പഞ്ചായത്ത് കമ്മിറ്റി.