കൊച്ചി : തിരുവനന്തപുരത്തെ തീർത്ഥപാദ മണ്ഡപം സ്ഥിതി ചെയ്യുന്ന പാത്രക്കുളം സർക്കാർ ഭൂമിയാണെന്ന് വ്യക്തമാക്കി റവന്യു വകുപ്പ് ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. തീർത്ഥപാദമണ്ഡപം സർക്കാർ ഏറ്റെടുത്തതിനെതിരെ ശ്രീവിദ്യാധിരാജ സഭ, തീർത്ഥപാദ മണ്ഡപം സെക്രട്ടറി ഡോ. ആർ. അജയകുമാർ എന്നിവർ നൽകിയ ഹർജികളിൽ റവന്യു വകുപ്പ് അണ്ടർ സെക്രട്ടറി വി.വി. ജയയാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്.
ഇവിടെ വലിയൊരു കുളം ഉണ്ടായിരുന്നതിനാലാണ് പാത്രക്കുളം എന്ന പേര് ലഭിച്ചത്. കിഴക്കേകോട്ടയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിൽ നിർണായക പങ്കുണ്ടായിരുന്ന പാത്രക്കുളത്തിലാണ് ഹർജിക്കാർ അവകാശം ഉന്നയിക്കുന്നത്. റവന്യു രേഖകളിൽ കുളം പുറമ്പോക്ക് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാത്രക്കുളത്തിന് പട്ടയം നൽകിയിട്ടില്ല. ഭൂമി പതിച്ചു നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയ നടപടി മാത്രമാണ് പൂർത്തിയായത്. പട്ടയം നൽകുകയോ ഭൂമി വിദ്യാധിരാജ സഭയ്ക്ക് കൈമാറുകയോ ചെയ്തിട്ടില്ല. സഭയുടെ കൈവശം ഉണ്ടായിരുന്ന പാത്രക്കുളത്തിന്റെ കൈവശാവകാശം വിദ്യാധിരാജസഭാ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകി ഇവർക്ക് കൈമാറി. ഇക്കാര്യം സർക്കാരിനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ചട്ടമ്പി സ്വാമി ആരാധനാമൂർത്തിയല്ല, ഹിന്ദു സാമൂഹ്യ പരിഷ്‌കർത്താവ്
തീർത്ഥപാദ മണ്ഡപം ഇന്ന് ട്രസ്റ്റിലെ അംഗങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ഇവിടെ ചട്ടമ്പി സ്വാമിയുടെ ഒരു പ്രതിമയുണ്ടെന്നല്ലാതെ ഹർജിയിൽ പറയുന്ന പോലെ ക്ഷേത്രമില്ല. സ്വാമിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ള ചെറിയ മുറി ക്ഷേത്രമാണെന്ന വാദം വസ്തുതാപരമായി ശരിയല്ല. സ്വാമി ഹിന്ദു സാമൂഹ്യ പരിഷ്‌കർത്താവാണ്. ആരാധനാമൂർത്തിയല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.