നെടുമ്പാശേരി:കൊറോണ ഭീതിയാൽ വിമാനയാത്രികരുടെ എണ്ണത്തിൽ വൻ കുറവ്. ഒരാഴ്ചക്കിടെ കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര യാത്രക്കാരിൽ 50 ശതമാനത്തിലേറെ കുറവുണ്ടായെന്നാണ് അനൗദ്യോഗിക കണക്ക്. ആഭ്യന്തര യാത്രക്കാരിൽ 25 ശതമാനത്തിന്റെ കുറവുമുണ്ട്. യാത്രക്കാരുടെ കുറവ് വിമാനത്താവളത്തിനും വൻ നഷ്ടമുണ്ടാക്കുന്നുണ്ട്.
പ്രതിസന്ധി നേരിടാൻ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കും വൻതോതിൽ കുറച്ചിട്ടുണ്ട്. യാത്രയ്ക്ക് തലേന്ന് ബുക്ക് ചെയ്യുമ്പോൾ 7,000 രൂപ വരെയുണ്ടായിരുന്ന മുംബയ് ടിക്കറ്റ് ഇപ്പോൾ 2,400 രൂപയായി ചുരുങ്ങി. 9,000 രൂപയിടെ ഡൽഹി ടിക്കറ്റിന് 3388 രൂപയാണ് നിരക്ക്.
കൊറോണ ബാധയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാനിരക്ക് നാലിൽ ഒന്നായി കുറഞ്ഞു. മലേഷ്യയിലെ ക്വലാലംപൂരിലേക്ക് ഇരുവശത്തേക്കുമായി 24,000 രൂപ വരെ നിരക്കുണ്ടായിരുന്ന ടിക്കറ്റ് ഇപ്പോൾ 6,700 രൂപക്ക് ലഭിക്കും.
റിയാദിലേക്കും 5,000ൽ താഴെയേ വരൂ.
കൊച്ചിയിൽ നിന്നുള്ള ഇപ്പോഴത്തെ യാത്രാ നിരക്ക്. (ബ്രാക്കറ്റിൽ തിരിച്ചുള്ള യാത്ര നിരക്ക്)
ബംഗ്ലൂരു 1222 (922)
ചെന്നൈ 1999 (1464)
ഗോവ 5861 (4144)
മുംബയ് 2401 (2289)
ഡൽഹി 3388 (3394)
അഹമ്മദാബാദ് 3397 (3599)
ഹൈദരാബാദ് 2779 (3294)
കൊൽക്കത്ത 7124 (6705)
പൂനെ 2845 (3133)
ഗോഹട്ടി 8047 (7871)
ഭുവനേശ്വർ 4741(6625)
റദ്ദാക്കിയത് 23 സർവീസുകൾ
കുവൈറ്റ്, ദോഹ, ക്വലാലംപൂർ, കുവൈത്ത്, ജിദ്ദ എന്നിവിടങ്ങിലേയ്ക്കുള്ള കൊച്ചിയിൽ നിന്നുള്ള 23 സർവീസുകളാണ് റദ്ദാക്കേണ്ടി വന്നത്. ദോഹയിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെയും, ഇൻഡിഗോയുടെയും രണ്ട് വീതം സർവീസുകൾ റദ്ദാക്കി. ഖത്തർ എയർവേയ്‌സ് സർവീസ് തുടരുന്നുണ്ടെങ്കിലും കൊച്ചിയിൽ നിന്നുള്ളവരെ ദോഹയ്ക്ക് കൊണ്ടുപോകില്ല. ദോഹ വഴി യൂറോപ്പിലേയ്ക്കും, അമേരിക്കയിലേയ്ക്കും പോകുന്നവരെ കയറ്റും. കുവൈത്തിലേയ്ക്കുള്ള കുവൈത്ത് എയർവേയ്‌സിന്റെയും, ഇൻഡിഗോയുടെയും നാല് വീതം സർവീസുകളും, ജസീറ എയർലൈൻസിന്റെ രണ്ട് സർവീസും റദ്ദാക്കിയിരുന്നു. ജിദ്ദയിലേയ്ക്കുള്ള സൗദി
എയർലൈൻസിന്റെ നാല് സർവീസുകൾ ഇതുവരെ റദ്ദാക്കി. ക്വലാലംപൂരിലേയ്ക്ക് മലിൻഡോ എയറിന്റെ രണ്ട് സർവീസും, എയർഏഷ്യയുടെ മൂന്ന് സർവീസും മുടങ്ങി. പല വിമാനകമ്പനികളും ഒരാഴ്ചത്തേയ്ക്കാണ് സർവീസുകൾ റദ്ദാക്കിയിരിക്കുന്നത്. ചില കമ്പനികൾ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്.