കൊച്ചി : പൊലീസ് സ്റ്റേഷനുകളിൽ ഹാജരാകുന്നവരുടെയും അറസ്റ്റിലാകുന്നവരുടെയും അവകാശങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി വ്യാപകമായ ബോധവത്കരണം അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അഭിപ്രായപ്പെട്ടു. സ്റ്റേഷനുകളിൽ ഹാജരാകുന്നവർക്കും അറസ്റ്റിലാകുന്നവർക്കും ഉടൻ സൗജന്യ നിയമസഹായം ലഭ്യമാക്കാൻ കേരള ലീഗൽ സർവീസ് അതോറിറ്റി തയ്യാറാക്കിയ ഏർളി ആക്സസ് ടു ജസ്റ്റിസ് പ്രോട്ടോകോൾ എന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി ആഡിറ്റോറിയത്തിൽ ഇന്നലെ രാവിലെ നടന്ന ചടങ്ങിൽ കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യുട്ടീവ് ചെയർമാൻ കൂടിയായ ജസ്റ്റിസ് സി.കെ അബ്ദുൾ റഹീം അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് മേധാവി ടോമിൻ. ജെ. തച്ചങ്കരി, കെൽസ മെമ്പർ സെക്രട്ടറി കെ.ടി നിസാർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.