കോതാട്: കടമക്കുടി കോരമ്പാടം പ്രദേശത്ത് പൊക്കാളി പാടത്തിന് ചുറ്റും മതിലുകെട്ടി നികത്തിയെടുക്കുന്നത് തടയണമെന്ന് അഖിലേന്ത്യാ കിസാൻ സഭ ആവശ്യപ്പെട്ടു. ആർ.ഡി.ഒ ഓഫീസിലെ ഉദ്യോഗസ്ഥരുട ഒത്താശ നികത്തിലിനുണ്ടെന്ന് കിസാൻസഭ വൈപ്പിൻ മണ്ഡലം പ്രസിഡന്റ് കെ.എസ്. ബാബുരാജ് ആരോപിച്ചു.

നികത്തിലനെതിരെ കളക്ടർ, ആർ.ഡി.ഒ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഏക്കർ കണക്കിന് പൊക്കാളി പാടങ്ങളും പുഴയുടെ പുറമ്പോക്കും തോടുകളുമാണ് നികത്തുന്നത്. രാത്രികാലങ്ങളിൽ ഗുണ്ടാസംഘങ്ങളുടെ സാന്നിദ്ധ്യത്തിലാണ് നികത്തൽ നടത്തുന്നത്.

നിലങ്ങളും കായലുകളും തോടുകളും സംരക്ഷിക്കുമെന്ന് പറയുന്നതിനിടെയാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ നികത്തലിന് ഒത്താശ നൽകുന്നത്. രണ്ടു പ്രളയങ്ങൾ സാരമായി ബാധിച്ച പ്രദേശത്താണ് നികത്തൽ. നികത്തുന്നവർക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് കിസാൻസഭ ആവശ്യപ്പെട്ടു.