പറവൂർ : റോഡിനരുകിൽ മാലിന്യം തള്ളിയ സ്ഥാപന ഉടമയെ പൊലീസ് പിടികൂടി. കരുമാല്ലൂർ പഞ്ചായത്തിലെ ആലുവ - പറവൂർ റോഡിൽ മാലിന്യം തള്ളിയ ആലുവ പാറപ്പുറം സ്വദേശി ഹൈദ്രോസിനെയാണ് ആലുവ വെസ്റ്റ് പൊലീസ് പിടികൂടിയത്. പഞ്ചായത്തിനു ലഭിച്ച വിവരങ്ങളടക്കം നൽകിയ പരാതിയിലാണ് ഇയാളെ കണ്ടത്താനായത്. പതിനായിരം രൂപ പിഴയും തട്ടംപടി മുതൽ ആശുപത്രിപടി വരെയുള്ള റോഡിന്റെ രണ്ടു ഭാഗത്തുള്ള മാലിന്യങ്ങളും ഇയാളെ ചെലവിൽ നീക്കം ചെയ്യിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ നിരന്തരം മാലിന്യങ്ങൾ തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന്റെ നേതൃത്വത്തിൽ അംഗങ്ങളും നാട്ടുകാരും രാത്രിയിൽ കാവലിരുന്നെങ്കിലും കണ്ടെത്താനായില്ല. മാലിന്യച്ചാക്കുകൾ തുറന്നു പരിശോധിച്ചപ്പോൾ ബാങ്കിൽ പണം അടച്ച രശീതും പഴക്കച്ചവടത്തിന്റെ ബില്ലും ലഭിച്ചു. മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പഞ്ചായത്ത് തീരുമാനം.