പള്ളുരുത്തി: ഒരു പ്രദേശം മുഴുവനും വിറപ്പിച്ച് കഞ്ചാവ് മയക്ക് മരുന്ന് മാഫിയാ സംഘം. ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അനുഗ്രഹ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ മട്ടാഞ്ചേരി അസി.കമ്മീഷ്ണർക്ക് പരാതി നൽകി. പകൽ സമയങ്ങളിലും രാത്രിയിലും കടേ ഭാഗം ചിറ്റപ്പള്ളി ലൈനിലാണ് ശല്യം രൂക്ഷമായിരിക്കുന്നത്. ലഹരി വസ്തുക്കൾ ഉപയോഗിക്കുകയും പരസ്യ വില്പനയും നടത്തുകയും ചെയ്യുന്നതായാണ് പരാതിയിൽ പറയുന്നത്. എതിർക്കുന്ന പരിസരവാസികളെ മർദ്ദിക്കാറാണ് പതിവ്. പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിട്ട് പരിഹാരം കാണാത്തതിനെ തുടർന്നാണ് എ.സി.പിക്ക് പരാതി നൽകിയത്.വീട്ടുകാരെ ഉൾപ്പടെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നതിനും മരണഭയത്താൽ ജീവിക്കുന്ന പ്രദേശവാസികൾക്കും സംഘടനാ ഭാരവാഹികൾക്കും സ്ഥിരം പൊലീസ് സംരക്ഷണം നൽകണമെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. രാത്രി സമയങ്ങളിൽ ഈ പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ഇല്ലാത്തത് ഇവർക്ക് തമ്പടിക്കൽ എളുപ്പമാകുന്നു.

കാമറകൾ സ്ഥാപിച്ചിട്ടും ഫലമില്ല

അസോസിയേഷൻ മുൻകൈയെടുത്ത് പ്രദേശത്ത് സി.സി.ടി.വി.കാമറകൾ സ്ഥാപിച്ചു. എന്നാൽ ലഹരി മൂത്ത് കാമറക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തലാണ് പതിവ്. ചില കാമറകൾ തല്ലിതകർക്കുകയും ചെയ്തു. ചേന്ദൻ ലൈനിൽ തിങ്കളാഴ്ച രാത്രി 9 മണിയോടെ ലഹരി മൂത്ത് ബാക്കിയുള്ള കാമറകളും നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.