corona

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ പുതുതായി കൊറോണ ബാധ കണ്ടെത്തിയില്ല.വീടുകളിലും ആശുപത്രികളിലുമായി 55 പേരെക്കൂടി നിരീക്ഷണത്തിലാക്കി.

ഇറ്റലി സന്ദർശിച്ച ശേഷം നെടുമ്പാശേരിയിൽ എത്തിയ 16 പേരും കൂട്ടത്തിലുണ്ട്. ഇവരെ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. മെഡിക്കൽ കോളേജിലുള്ള മൂന്നു വയസുകാരന്റെയും മാതാപിതാക്കളുടെയും നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

ജില്ലയിലാകെ 443 പേരാണ് നിരീക്ഷണത്തിൽ.

മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിന്ന് ഇന്നലെ മൂന്നു പേരെ വിട്ടയച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ തുറന്ന ഐസൊലേഷൻ വാർഡിൽ ഏഴുപേരെ പ്രവേശിപ്പിച്ചു. രണ്ടിടത്തുമായി 37 പേർ ഐസൊലഷൻ വാർഡുകളിലുണ്ട്.

ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 57 സാമ്പിളുകൾ ഇന്നലെ അയച്ചു. കൊറോണ ബാധിച്ച കുട്ടിയുടെയും മാതാപിതാക്കളുടെയും സാമ്പിളുകൾ പുനഃപരിശോധനയ്ക്കും അയച്ചിട്ടുണ്ട്.