കൊച്ചി: പെരുമ്പാവൂർ ഓടക്കാലിസെന്റ് മേരീസ് പള്ളി ഏറ്റെടുക്കണമെന്ന കോടതിവിധി നടപ്പാക്കാൻ പൊലീസിന് പത്തുദിവസം കൂടി കോടതി അനുവദിച്ചു. വിധി നടപ്പാക്കി ജില്ലാ പൊലീസ് സൂപ്രണ്ട് നേരിട്ട് ഹാജരാകാനും എറണാകുളം അഡി. ജില്ലാ കോടതി നിർദ്ദേശിച്ചു. ഓർത്തഡോക്സ് - യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കമുള്ള പള്ളിയുടെ നിയന്ത്രണം സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാനാണ് കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ വിധി നടപ്പാക്കാൻ മാർച്ച് അവസാനംവരെ സാവകാശം നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്താണ് കോടതിയുടെ നിർദ്ദേശം. വിധി നടപ്പാക്കുന്നതു സംബന്ധിച്ച് മാർച്ച് 23 ന് സത്യവാങ്മൂലം നൽകണമെന്നും അഡി. ജില്ലാ കോടതി നിർദ്ദേശിച്ചു.