sivarathri
ശിവരാത്രി മണപ്പുറത്തെ കച്ചവടക്കാർ സാധനങ്ങളെല്ലാം ചാക്കുകളിലാക്കി കൊണ്ടുപോകുന്നതിന് തയ്യാറെടുക്കുന്നു

ആലുവ: കൊറോണ ഭീതിയെത്തുടർന്ന് ആലുവ മഹാശിവരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന വ്യാപാരമേള അവസാനിപ്പിക്കാൻ നഗരസഭ കൗൺസിലിന്റെ തീരുമാനിച്ചതോടെ നഷ്ടക്കണക്കുകളുമായി വ്യാപാരികൾ മടങ്ങിത്തുടങ്ങി. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗമാണ് വ്യാപാരമേള അസാനിപ്പിക്കാൻ തീരുമാനിച്ചതെങ്കിലും ഇന്നലെ മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് കച്ചവടക്കാർ വിവരമറിയുന്നത്.

ഇന്നലെ പല കച്ചവടക്കാരും കച്ചവട സാധനങ്ങൾ ചാക്കുകളിലേക്ക് നിറക്കുന്നതിന്റെ തിരക്കിലായിരുന്നു. ഇന്നും നാളെയുമായി ഭൂരിഭാഗം കച്ചവടക്കാരും മണപ്പുറം വിട്ടൊഴിയും. കൊറോണ വ്യാപിച്ചതിനെ തുടർന്ന് കഴി‌ഞ്ഞ തിങ്കളാഴ്ച്ച മുതൽ മണപ്പുറത്തേക്കുള്ള സഞ്ചാരികളുടെ വരവ് കുറഞ്ഞുവരികയായിരുന്നു. ഇതിനിടയിൽ നഗരസഭ ഔദ്യോഗികമായി മേള അവസാനിപ്പിക്കാൻ കൂടി തീരുമാനിച്ചതോടെ അവസാന പിടിവള്ളിയും നഷ്ടമായി. നഗരസഭക്ക് ലേലം വിളിച്ച തുക മുഴുവൻ അടക്കേണ്ടി വന്നില്ലെങ്കിലും കച്ചവടത്തിന് വായ്പയെടുത്തും കടമായും വാങ്ങിയ സാധനങ്ങളെല്ലാം തിരികെ കൊണ്ടുപ്പോകേണ്ടിവന്ന സാഹചര്യം കൂടുതൽ ബാദ്ധ്യതയുണ്ടാക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

സാധാരണയായി അമ്യൂസ്‌മെന്റ് പാർക്ക് ശിവരാത്രി നാൾ തുടങ്ങി മൂന്നാഴ്ചയും മറ്റ് കച്ചവടക്കാർ നാലാഴ്ചയും ഫർണിച്ചർ, മൺപാത്രങ്ങൾ, ചെടികൾ തുടങ്ങിയവയുടെ കച്ചവടം ഒന്നര മാസവുമാണ് നീണ്ടുനിൽക്കുക.