ആലുവ: കൊറോണ നിരീക്ഷണത്തിന്റെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞിരുന്ന 33 പേർ ആശുപത്രി വിട്ടു. രണ്ട് പേർ ഇന്നലെ രാവിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങും. ആംബുലൻസുകളിലാണ് ഇവരെ വീടുകളിൽ എത്തിക്കുന്നത്. 28 ദിവസം വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയണമെന്ന് ഇവരോട് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ വെച്ച് ഇവരുടെ സ്രവങ്ങൾ സാമ്പിൾ പരിശോധനയ്ക്കായി ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേയ്ക്ക് അയച്ചിരുന്നു.

നാല് മണിക്കൂർ ഇടവിട്ട് ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾ നടത്തിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ളവരാണ് ബുധനാഴ്ച പുലർച്ചെ ഇറ്റലിയിൽ നിന്ന് നെടുമ്പാശേരിയിൽ വന്നിറങ്ങിയത്. 45 പേരുണ്ടായ സംഘത്തിലെ പത്ത് പേരെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ഇന്നലെ ആലുവ ജില്ലാ ആശുപത്രിയിൽ നടന്ന അവലോകന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൾ മുത്തലീബ് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.