ഇപ്പോൾ ചിക്കൻ വില 30-40 വരെ
കോലഞ്ചേരി: ചിക്കന്റെ വിലയിടിവ് ഫാമുടമകൾക്ക് കോടികളുടെ നഷ്ടം വരുത്തി. എന്നാൽ ചിക്കൻ വിഭവങ്ങൾ ഇപ്പോഴും ടോപ്പ് ഗിയറിൽ തന്നെ. ചിക്കൻ വില 120 ൽ നിന്നാണ് കൂപ്പു കുത്തി 30-40 വരെയാണ് എത്തി നിൽകുന്നത്. പക്ഷി പനിയും കൊറോണ ഭീതിയും സംസ്ഥാനത്തെ കോഴി ഫാമുടമകൾക്ക് കോടികളുടെ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. കോഴി കുഞ്ഞിനെ ചെറുകിട കോഴി വളർത്തൽ കർഷകർക്ക് നൽകി വളർത്തിയെടുത്ത് തിരികെ വാങ്ങിയാണ് ഫാമുടമകൾ വില്പനക്കെത്തിക്കുന്നത്. തീറ്റയും മരുന്നും ഫാമുടമകൾ നൽകുമായിരുന്നു. എന്നാൽ വില ഇടിഞ്ഞതോടെ തീറ്റയും മരുന്നും നൽകുന്നില്ല.കിട്ടുന്ന വിലയ്ക്ക് കോഴി വിറ്റു തീർക്കാനാണ് ഫാമുടമകൾ കർഷകർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വളർച്ചയെത്താത്ത കോഴികളെ സൗജന്യമായി നൽകാമെന്നറിയിച്ചിട്ടും വാങ്ങാനാരുമെത്തുന്നില്ലെന്ന് കോടനാട് ഫാമുടമയായ ലാൽ 'കേരള കൗമുദി'യോട് പറഞ്ഞു.
ഉല്പാദന ചിലവ് ഇരട്ടി
ഒരു കിലോ കോഴിയിറച്ചിയുടെ ഉല്പാദന ചിലവ് 80 രൂപയാണ്. കോഴി കുഞ്ഞ്, തീറ്റ, മരുന്ന് , പിടിച്ച് കടകളിലെത്തിക്കുന്ന ചിലവുൾപ്പടെയാണ് ഇത്രയും തുക വരുന്നത്. നിലവിലെ സാഹചര്യത്തിൽ തീറ്റയും മരുന്നും നൽകിയാൽ ഒരു കോഴി കടയിലെത്തിക്കുമ്പോൾ നഷ്ടം 140 രൂപയിലധികം വരും. ഈ സാഹചര്യത്തിലാണ് കർഷകർ വളർത്താൻ നൽകിയ കോഴി ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കോടനാടു തന്നെയുള്ള പ്രമുഖ ഫാമിൽ പ്രതി ദിനം പതിനായിരം കോഴികളെ വില്പനക്കെത്തിക്കും വിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.
സഷ്ടം കോടികൾ
നിലവിൽ സ്റ്റോക്കുള്ള കോഴിയുടെ കണക്ക് മാത്രമെടുത്താൽ നഷ്ടം 40 കോടി കവിഞ്ഞു. നേരത്തെ പക്ഷി പനി ഭീതിയെത്തിയപ്പോഴും ഇത്രയധികം നഷ്ടമുണ്ടായിട്ടില്ല. പക്ഷി പനിക്കൊപ്പം കൊറോണ ഭീതി കൂടി എത്തിയതോടെ ആളുകൾ വീട്ടിലൊതുങ്ങി. പുറത്തിറങ്ങിയാൽ തന്നെ ചിക്കൻ വിഭവങ്ങൾ കഴിക്കുന്നുമില്ല. വിവാഹങ്ങൾക്ക് ആളു കൂടാതിരിക്കാൻ ആർഭാടങ്ങൾ കുറച്ചതോടെ സദ്യകൾ ഒഴിവാക്കിയപ്പോൾ വന്ന നഷ്ടം ഭീമമാണ്. പ്രമുഖ കാറ്ററിംഗ് സ്ഥാപനങ്ങൾ ഓർഡറുകൾ ഒന്നിച്ച് പിൻ വലിച്ചപ്പോൾ അടിയേറ്റത് ഫാമുടമകൾക്കാണ്. ബാങ്ക് ഓവർ ഡ്രാഫ്റ്റുകളും വായ്പകളുമെടുത്താണ് ഫാമുകൾ ഈ രംഗത്ത് പിടിച്ചു നിന്നത്. മാർച്ച് മാസമായതോടെ ലോണുകൾ പുതുക്കി വയ്ക്കേണ്ടതാണ്, എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് ഇവർ.
ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളിൽ മാറ്റമില്ല
അതേസമയം ചിക്കൻ വിലയിൽ കുത്തനെ ഇടിവുണ്ടായെങ്കിലും ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെന്നു ഹോട്ടൽ ഉടമകൾ പറഞ്ഞു. വെജിറ്റേറിയൻ, ബീഫ്, മട്ടൻ വിഭവങ്ങൾക്കാണ് ഇപ്പോൾ പ്രിയം കൂടുതൽ. ചിക്കൻ ബിരിയാണിക്കും, കുഴി മന്തി, അൽഫാം, ബ്രോസ്റ്റഡ് ചിക്കൻ, തന്തൂരി, ചിക്കൻ 65, ചിക്കൻ ടീക്ക തുടങ്ങിയവയ്ക്കും പഴയ വിലയിൽ മാറ്റമില്ല.