തൃക്കാക്കര : പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്നും 23,03,500 രൂപ വെട്ടിച്ചതായി അന്വേഷണ സംഘം കണ്ടെത്തി.കേസിലെ മുഖ്യപ്രതി ദുരന്തനിവാരണ വിഭാഗത്തിൽ സെക്ഷൻ ക്ലാർക്കായിരുന്ന വിഷ്ണു പ്രസാദും,രണ്ടാം പ്രതി മഹേഷുമായി ചേർന്നുണ്ടാക്കിയ പദ്ധതി​യനുസരി​ച്ചാണ് ഈ തട്ടിപ്പെന്ന് ക്രൈം ബ്രാഞ്ച് വിജിലൻസ് കോടതിയിൽ സമർപ്പിച്ചറി​മാൻഡ് റിപ്പോർട്ടിൽ പറയുന്നു.കേസിൽ പ്രധാന പ്രതിയായ വിഷ്ണുവിന്റെ അക്കൗണ്ടിൽ4.95 ലക്ഷം രൂപയും,രണ്ടാം പ്രതി മഹേഷിന്റെ അക്കൗണ്ടിൽ 4,12,999 രൂപയും,മൂന്നുംനാലും പ്രതികളുടെ അക്കൗണ്ടിൽ 10,54,000 രൂപയും,അഞ്ചാം പ്രതി മഹേഷിന്റെ ഭാര്യ നീനുവിന്റെ അക്കൗണ്ടിൽ 2,41,499 രൂപയും,കേസിലെ ഏഴാം പ്രതി ഷിന്റ മാർട്ടിന്റെ അക്കൗണ്ടിൽ2.5 ലക്ഷം രൂപയുംവന്നു

വിഷ്ണുപ്രസാദിന്റെ കൂടെ ജോലിചെയ്തവരെ ക്രൈം ബ്രാഞ്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തു.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് ഉദ്യോഗസ്ഥർ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായത്.
പത്തോളം പേരെയാണ് ഇന്നലെ അന്വേഷണ സംഘം വിളിച്ചുവരുത്തിയത്.
കൂടാതെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത കളക്ടറേറ്റിലെ കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ്‌വർക്ക് (കെ.എസ്.ഡബ്ല്യൂ.എ.എൻ) വിഭാഗത്തിൽ താത്ക്കാലിക ജീവനക്കാരനായിരുന്ന പിറവം സ്വദേശി രതീഷ് കുമാർ,നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ (എൻ.ഐ.സി) വനിതാ ജീവനക്കാരിയായ ചിഞ്ചു എന്നിവരെ ഇന്നലെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു.ഇവരുടെ അക്കൗണ്ട് വഴി വിഷ്ണു 1,60,000 രൂപ മാറിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്.താൻ സഹോദരിയുടെ വിവാഹത്തിന് വിഷ്ണുവിനോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചതാണെന്ന് രതീഷ് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൊഴി നൽകി..വിവാഹത്തിന് 20,000 രൂപ ജീവനക്കാരിൽ നിന്നും പിരിച്ചെന്നും അത് കുറച്ച് 80,000 രൂപ വിഷ്ണു മടക്കിവാങ്ങിയതായും രതീഷ് പറഞ്ഞു.വിഷ്ണുവിനെ ചോദ്യം ചെയ്തതിൽ ഇത് സത്യമാണെന്ന് കണ്ടെത്തി.എൻ.ഐ.സി മുൻ ജീവനക്കാരിയുടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മക്ക് ധനസഹായത്തിനായി വിഷ്ണു 60.000 രൂപ ട്രഷറിയിൽ നിന്നും ജീവനക്കാരിയുടെ അക്കൗണ്ടിലേക്ക് കൈമാറിയതായാണ് കണ്ടെത്തിയത്.എന്നാൽ ചികിത്സ സഹായത്തിനായി ജീവനക്കാരിൽ നിന്നും പിരിച്ചതാണെന്നാണ് വിഷ്ണു യുവതിയോട് പറഞ്ഞതായി യുവതി മൊഴി നൽകി.ഇതിന്റെ പേരിൽ ജീവനക്കാരിൽ നിന്നും വിഷ്ണു 45,000 രൂപ പിരിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.
വനിതാ ഉദ്യോഗസ്ഥരോട് അന്വേഷണ സംഘം ഇന്ന് ഹാജരാവാൻ നിർദേശിച്ചിട്ടുണ്ട്.