കൂത്താട്ടുകുളം: കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ പരിധി കാമറകളുടെ നീരീക്ഷണത്തിൽ. ജനങ്ങളുടെ സുരക്ഷയ്ക്കും കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും, തെളിവ് ശേഖരിക്കാനും ആധുനിക കാലഘട്ടത്തിൽ സിസിടിവി കാമറകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. ആദ്യഘട്ടമായി കൂത്താട്ടുകുളം പിറവം റൂട്ടിൽ ഇടയാർ എം.പി.ഐ ജംഗ്ഷനിൽ വിദേശ മലയാളിയായ ഇടയാർ ശീമാൻകുന്നേൽ തോമസ് സ്ഥാപിച്ച സിസിടിവി കാമറയുടെ സ്വിച്ച് ഓൺ കർമ്മം കുത്താട്ടുകുളം എസ്ഐ ബ്രീജുകുമാർ നിർവഹിച്ചു. പൊതു സുരക്ഷയ്ക്കായി മുൻ കൈയെടുത്ത തോമസിന് കൂത്താട്ടുകുളം എസ്ഐ ബ്രീജുകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ജനമൈത്രി സുരക്ഷാ സമിതി കൺവീനർ പി സി മർക്കോസ് റസിഡൻസ് അസോസിയേഷൻ മേഖല പ്രസിഡന്റ് ബേബി ആലുങ്കൽ ,ജനമൈത്രി സുരക്ഷാസമിതി മെമ്പർ രാജു കുരുവിള ബീറ്റ് ഓഫീസർമാരായ ജയചന്ദ്രൻ എ.കെ അനിൽ കുര്യാക്കോസ് ,ജയകുമാർ, പി ആർ ഒ രതീഷ് , എ.എസ്.ഐ സിബി അച്യുതൻ എന്നിവർ പങ്കെടുത്തു. പൊതുജനങ്ങളുടെ സഹായത്തോടുകൂടി ജനമൈത്രി പൊലിസ് മുൻ കൈയെടുത്ത് കൂത്താട്ടുകുളം ടൗണിൽ വിവിധ സ്ഥലങ്ങളിൽ സിസിടിവി കാമറ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഉടൻ സ്വീകരിക്കുമെന്ന് അറിയിച്ചു.