ittaly
കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിലെ വിജനമായ ടെർമിനി നഗരം

കൊച്ചി: ഇറ്റലിയുടെ തലസ്ഥാനമായ റോമിലെ ടെർമിനി എന്ന നഗരത്തിലെ ഒരു അപ്പാർട്ടുമെന്റിലെ ഇരുണ്ട ലോകത്താണ് കണ്ണൂർ സ്വദേശിനിയായ മിനി. 'പുറത്തിറങ്ങിയിട്ട് ദിവസങ്ങളായി.പുറത്തിറങ്ങിയാൽ 206 യൂറോ ( 16000 രൂപ) പിഴചുമത്തും.രോഗം ബാധിച്ചാൽ ആശുപത്രിയിലേക്ക് ഓടിച്ചെല്ലാനാകില്ല. അധികൃതരെ അറിയിച്ചാൽ 15 ദിവസത്തേക്കുള്ള മരുന്ന് മെഡിക്കൽ സ്‌റ്റോറുകളിൽ നിന്ന് വാങ്ങാൻ നിർദ്ദേശിക്കും. 15 ദിവസത്തിന് ശേഷമായിരിക്കും അടുത്ത അന്വേഷണം. അപ്പോഴേക്കും ഒന്നുകിൽ രോഗി മരിക്കും.ചിലർ രക്ഷപ്പെടും. 'കൊറോണ വൈറസ് പടർന്നു പിടിച്ച ഇറ്റലിയിലെ പേടിപ്പെടുത്തുന്ന അനുഭവങ്ങൾ ഫോണിലൂടെ പറയുമ്പോൾ മിനിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

14 വർഷമായി ഇറ്റലിയിലെ വിവിധയിടങ്ങളിൽ ജോലി ചെയ്യുകയാണ് മിനി.ഇപ്പോൾ ഇറ്റലിക്കാരിയായ ലൂസിയ (89) എന്ന സ്‌ത്രീയെ പരിചരിക്കുന്നതാണ് ജോലി. റോമിലെ വിവിധയിടങ്ങളിൽ കഴിയുന്ന ലൂസിയയുടെ മക്കൾ വാട്സ് ആപ്പിലൂടെയാണ് അമ്മയുമായി ബന്ധപ്പെടുന്നത്.മൂന്നുമാസത്തെ ഭക്ഷണസാധനങ്ങൾ ശേഖരിച്ചിട്ടുള്ളതാണ് മിനിയുടെ ഏക ആശ്വാസം. ഭക്ഷണക്ഷാമം നിലവിലില്ല. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാൻ കഴിയും. തുറന്നിരിക്കുന്ന കടകളിൽ ഒരു സമയം ഒരാളെ മാത്രമേ പ്രവേശിപ്പിക്കൂ. ഒരു മീറ്റർ അകലത്തിൽ മാത്രമേ സഞ്ചരിക്കാവൂ.

ബാങ്ക് ഉദ്യോഗസ്ഥർ, കടയിലെ ജോലിക്കാർ, ആശുപത്രി ജീവനക്കാർ എന്നിവർക്ക് മാത്രം പുറത്തിറങ്ങാം. ചെറിയ സ്‌റ്റേഷനറിക്കടകളും തുറന്നിട്ടുണ്ട്. ബാക്കിയുള്ളവ മുഴുവനും ഷട്ടറിട്ട നിലയിലാണ്. ബസുകൾ ഇടയ്‌ക്കിടെ പായുന്നുണ്ടെങ്കിലും രണ്ടുപേരിൽ കൂടുതൽ യാത്രക്കാരെ കാണാനാവില്ല. ടാക്സികളും കുറവ്. സ്വകാര്യ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ ദിവസങ്ങളോളമായി പാർക്ക് ചെയ്‌തിട്ടിരിക്കുകയാണ്.

കർശന നിയന്ത്രണങ്ങളിലൂടെ വൈറസിനെ തുരത്താനുള്ള തീവ്രശ്രമത്തിലാണ് ഭരണകൂടമെന്ന് അവരുടെ വാക്കുകളിൽ വ്യക്തം.

'വീടിന്റെ വാതിൽ തുറക്കാൻ ഭയമാണ്. രക്തസാമ്പിളുകൾ ശേഖരിക്കാനെന്ന വ്യാജേനയാണ് പലരുടെയും വരവ്. എന്നാൽ പലരും കള്ളൻമാരായിരിക്കും.ഇറ്റലിയുടെ നോർത്ത് ഭാഗമായ ലംബാർഡിയയിലാണ് ആദ്യം വൈറസ് പടർന്നത്. ഇവിടങ്ങളിൽ റോഡുകൾ അടയ്‌ക്കാൻ തുടങ്ങിയതോടെ ആളുകൾ ടെർമിനിയിലേക്ക് കുടിയേറി. ഇതോടെ ആ പ്രദേശങ്ങളിലും വൈറസ് പടർന്നു. പിന്നീടാണ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയതെന്ന് മിനി പറയുന്നു.മിനിയുടെ ഭർത്താവും മക്കളുമൊക്കെ നാട്ടിലാണ്.

'പല ഡോക്‌ർമാർക്കും നഴ്സുമാർക്കും രോഗം പിടിപെട്ടുകഴിഞ്ഞു. പലർക്കും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് മലയാളികൾ ജീവനും കൊണ്ട് നാട്ടിലേക്ക് പായുന്നത്. ജോലിയിൽ നിന്ന് പിന്മാറണമെങ്കിൽ ഒരുമാസം മുമ്പേ അറിയിക്കണം. മടങ്ങുന്നതിനിടയിൽ എവിടെ നിന്നെങ്കിലുമായിരിക്കും വൈറസ് ബാധിക്കുക. അവസാനം ജോലിയും പോകും രോഗവും വരും. അതിനാൽ വീടിനുള്ളിൽ കഴിയാനാണ് തീരുമാനം. ഞങ്ങളെ പേപ്പട്ടികളെ പോലെ കാണരുത്.ജീവിക്കാൻ വേണ്ടി വന്നതാണ്'

-മിനി