കോലഞ്ചേരി: . ഉപയോഗത്തെകുറിച്ച് കൃത്യമായി അറിയാതെ മാസ്ക്കുകൾ വലിച്ചെറിയുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. വെറുതെ മാസ്ക്ക് ധരിച്ചിട്ട് കാര്യമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

കൊറോണ പിടിപെട്ടവരുമായോ സമ്പർക്കത്തിലുള്ളവരുമായോ ഇടപഴകേണ്ടി വരുന്നവർ മാത്രമാണ് മാസ്ക്ക് ധരിക്കേണ്ടതുള്ളൂ.

കൃത്യമായി മാസ്ക് ധരിക്കാതെ അലക്ഷ്യമായി ഉപയോഗിക്കുന്നത് കൂടുതൽ അപകടസാദ്ധ്യതകളിലേക്ക് നയിക്കുമെന്ന് കോഴിക്കോട് ചെസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ചെസ്റ്റ് ഫിസിഷ്യൻ ഡോ. മുഹമ്മദ് നൗഫൽ പറഞ്ഞു. ഉപയോഗിച്ച മാസ്ക്കുകൾ റോഡരികിലും,മാലിന്യസംഭരണിയിലും തള്ളുന്നതായാണ് കാണുന്നത്. ഇത് മ​റ്റുള്ളവരിലേക്ക് വൈറസ് പടരാൻ ഇടയാക്കും.

ശ്രദ്ധിക്കുക

മാസ്ക്ക് ഉപയോഗിച്ചശേഷം കത്തിച്ചുകളയുന്നതാണ് ഏ​റ്റവും സുരക്ഷിതമായ മാർഗം.കത്തിക്കാൻ നിവൃത്തിയില്ലെങ്കിൽ ആഴത്തിൽ കുഴിയെടുത്ത് കുഴിച്ചിടണം.

പരാമാവധി ആറു മണിക്കൂർ വരെ മാത്രമേ മാസ്ക്ക് ഉപയോഗിക്കാവൂ.

നനവായി കഴിഞ്ഞാൽ മാറ്റണം.തുറന്നു വച്ചിരിക്കുന്ന വെയ്സ്റ്റ് ബിന്നുകളിൽ മാസ്ക്ക് ഉപേക്ഷിക്കരുത്.

പൊതു ഇടങ്ങളിൽ ഉപേക്ഷിക്കേണ്ടി വന്നാൽ അടപ്പുള്ള ബിന്നുകളിൽ മാത്രം ഇടുക.

ഒരാൾ ഉപയോഗിച്ച് മാസ്ക്ക് മറ്റൊരാൾ ഒരിക്കലും ഉപയോഗിക്കരുത്. സ്ഥിരമായി ഒരേ മാസ്ക്ക് വെയ്ക്കുന്നത് രോഗങ്ങളെ ക്ഷണിച്ചുവരുത്തും.

വൈറസ് പ്രതിരോധത്തിനായി മാസ്ക്ക് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ആൾക്കൂട്ടത്തിൽനിന്ന് ഒഴിഞ്ഞു നിൽക്കലാണ്. മാസ്ക്ക് വാങ്ങി കാശു കളയാതെ തൂവാല ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.ആശുപത്രിയിലേക്ക് ചെറിയ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായി വരുന്ന രോഗികൾക്ക് മാസ്ക്ക് നിർബന്ധമാണ്. മ​റ്റുള്ളവർക്ക് രോഗം പകരാതിരിക്കാൻ ഇത് ഗുണം ചെയ്യും.

ഡോ.നീതു സുകുമാരൻ ,മെഡിക്കൽ ഓഫീസർ ,കുറ്റ്യാടി ഗവ. ഹോസ്പിറ്റൽ