കോലഞ്ചേരി: റോഡു നന്നായപ്പോൾ, അപകട സാദ്ധ്യത കൂടി. കരിമുകൾ-പുത്തൻകുരിശ് റോഡാണ് ആധുനിക നിലവാരത്തിൽ ബി.എം,ബി,സി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. റേഡ് നന്നാക്കിയതോടെ അപകട സാദ്ധ്യതയിയും കൂടി.
റോഡ് നന്നായതോടെ അലക്ഷ്യമായാണ് ഈ വഴിയിൽ വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്. കിഴക്കൻ മേഖലകളിൽ നിന്ന് എറണാകുളത്തേയ്ക്കുള്ള എളുപ്പ വഴിയായതിനാൽ നൂറു കണക്കിന് ടോറസുകളും,ടിപ്പറുമാണ് ചീറി പായുന്നത്. അതിനോടൊപ്പം ഇരു ചക്ര വാഹനങ്ങളും മരണപ്പാച്ചിലിലാണ്. ഇവിടെ പീച്ചിങ്ങ ചിറ ഇറക്കത്തിലാണ് അപകട സാധ്യത ഏറ്റവും കൂടുതലുള്ളത്. മഴുവന്നൂർ - പീച്ചിങ്ങച്ചിറ, ബി.എം - ബി.സി റോഡ് വന്നു കയറുന്നത് ഈ ജംഗ്ഷനിലാണ്. ഇരു ഭാഗത്തു നിന്നും വരുന്ന വാഹന ഡ്രൈവർമാർ അതീവ ശ്രദ്ധ പുലർത്തിയാൽ മാത്രമാണ് അപകടമൊഴിയാതെ പീച്ചിങ്ങച്ചിറ കടക്കാൻ പറ്റൂ. നിലവിൽ തലനാരിഴ വ്യത്യാസത്തിലാണ് അപകടങ്ങൾ പലപ്പോഴും ഒഴിവാകുന്നത്. പ്രധാനപ്പെട്ട ഇടങ്ങളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിച്ചാൽ ഒരു പരിധി വരെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണ് നാട്ടുകാർ പറയുന്നത്.