കളമശേരി : അയ്യനാട് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സിയാദിന്റെആത്മഹത്യാ ക്കുറിപ്പിലെ കൈപ്പട ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കണമെന്ന് സി പി എംകളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ വാർത്താ സമ്മേളനത്തിൽആവശ്യപ്പെട്ടു. ആത്മഹത്യ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് കുറിപ്പ് എഴുതിയ ഡയറി പൊലീസിൽ ഹാജരാക്കുന്നത്. ഇൻക്വസ്റ്റ് തയ്യാറാക്കിയപ്പോൾ ആത്മഹത്യാക്കുറിപ്പ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതിൽ ദുരൂഹതയുണ്ട്. കുറിപ്പിലെ കൈപ്പട സിയാദിന്റെ തന്നെയാണോയെന്ന് പരിശോധിക്കണമെന്നും സക്കീർ പറഞ്ഞു ആത്മഹത്യയ്ക്ക് മുമ്പുള്ള ദിവസങ്ങളിൽ സിയാദിന്റെ സഹോദരനുമായുണ്ടായ സ്വത്ത് തർക്കത്തെ സംബന്ധിച്ചും വാക്കേറ്റത്തെ കുറിച്ചും വിശദമായി പരിശോധിക്കണം.ബന്ധുവായ പ്രദേശിക കോൺഗ്രസ് നേതാവിനെതിരെയും ആരോപണമുണ്ട്. ഇക്കാര്യങ്ങൾ ഉന്നയിച്ച് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. സിയാദിന്റെ ആത്മഹത്യക്കുറിപ്പിൽ പ്രതിപാദിക്കുന്ന അയ്യനാട് സഹകരണ ബാങ്ക് പ്രസിഡന്റും സി പി എം ലോക്കൽ സെക്രട്ടറിയുമായ കെ ആർ ജയചന്ദ്രൻ , ബ്രാഞ്ച് സെക്രട്ടറി കെ പി നിസാർ എന്നിവർക്കൊപ്പമാണ് സക്കീർ ഹുസൈൻ വാർത്താ സമ്മേളനം നടത്തിയത്. സക്കീർ ഹുസൈൻ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്നും ഇവർ മൂന്ന് പേരുമാണ് തന്റെ മരണത്തിന് കാരണക്കാരെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. . അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ പൊലീസിന് പരാതി നൽകി..
സി.പി. എം ഭരണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് വഴി ലോക്കൽ കമ്മിറ്റി അംഗങ്ങൾ പ്രളയ ദുരിതാശ്വാസ തുക തട്ടിയെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബാങ്ക് ഭരണ സമിതി അംഗം സിയാദ് ആത്മഹത്യ ചെയ്തത്.