തൃക്കാക്കര : കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ തിരികെയെത്താൻ സാദ്ധ്യതയുള്ളസാഹചര്യത്തിൽ തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലെ പേ വാർഡ് ഐസൊലേഷൻ വാർഡാകും. 80 മുറികളാണ് ഇവിടെ ഉള്ളത്. നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിനുള്ളിലെ ഐ.സി.യു സൗകര്യം വർദ്ധിപ്പിക്കാനും കളക്ടർ നിർദ്ദേശിച്ചു.ഇത് അടിയന്തിരമായി ഒഴിപ്പിക്കാനും തീരുമാനിച്ചു.കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾജില്ലാ കളക്ടർ എസ്.സുഹാസിന്റെനേതൃത്വത്തിൽ വിലയിരുത്തി. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ കളക്ടർ നിർദ്ദേശിച്ചു. 14 പേരാണ് കൺട്രോൾ റൂമിലെ കോൾ സെൻററിൽ പ്രവർത്തിക്കുന്നത്. അഡീഷണൽ ഡി.എം.ഒ ഡോ.ആർ.വിവേകാണ് മേൽനോട്ടം വഹിക്കുന്നത്. ഡോ. ശ്രീദേവിയുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന സർവയലൻസ് യൂണിറ്റും കളക്ടറേറ്റിൽ പ്രവർത്തിക്കുന്നുണ്ട്.