hc

കൊച്ചി : പൊലീസിൽ നിന്ന് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സി.എ.ജി ഏതു സാഹചര്യത്തിലാണ് റിപ്പോർട്ട് നൽകിയതെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാക്കാൽ ചോദിച്ചു.

ഭരണഘടനയനുസരിച്ച് നിയമസഭയ്ക്കാണ് സി.എ.ജി റിപ്പോർട്ട് സമർപ്പിക്കേണ്ടത്. നിയമസഭയുടെ അധികാരം മറികടക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി ഒാർമ്മപ്പെടുത്തി. പൊലീസിൽ നിന്ന് വെടിയുണ്ടകളും തോക്കുകളും കാണാതായതിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചങ്ങനാശേരി സ്വദേശി രാമചന്ദ്രകൈമൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ വിമർശനം. ഹർജി വിധി പറയാൻ മാറ്റി.

ഇന്നലെ ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ,റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സി.എ.ജി കൈമാറിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ അറിയിച്ചു. എന്നാൽ,നിയമസഭയുടെ പരിഗണനയിലുള്ള വിഷയത്തിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും, ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഫലപ്രദമായി നടക്കുകയാണെന്നും സർക്കാർ വാദിച്ചു. സി.എ.ജിയുടെ റിപ്പോർട്ട് നിയമസഭയിലാണ് വയ്ക്കുന്നത്. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയാണ് ഇതു സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്നും സർക്കാർ വിശദീകരിച്ചു. ഫിനാൻസ്, പെർഫോമൻസ് തുടങ്ങിയ റിപ്പോർട്ടുകൾ ചട്ടപ്രകാരം നിയമസഭകൾക്കാണ് സമർപ്പിക്കേണ്ടതെന്നും ഇതു വ്യക്തമാക്കി സുപ്രീംകോടതി വിധിയുണ്ടെന്നും തുടർന്ന്, ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.