kunjananthan

കൊച്ചി : ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന് ചികിത്സയ്ക്കായി ഹൈക്കോടതി മൂന്നു മാസത്തെ ജാമ്യം അനുവദിച്ചു. ഗുരുതരമായ രോഗങ്ങളുള്ള തനിക്ക് വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയനാകാൻ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞനന്തൻ ഹർജി നൽകിയിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡിന് രൂപം നൽകി രോഗനില വിലയിരുത്താൻ ഡിവിഷൻബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി. മെഡിക്കൽ ബോർഡ് വിദഗ്ദ്ധ ചികിത്സ അനിവാര്യമാണെന്ന് റിപ്പോർട്ട് നൽകി. ഇതു കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്.

രണ്ടാഴ്ച കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നത് ഉൾപ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം. ആർ.എം.പി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് സി.പി.എം പാനൂർ ഏരിയ സെക്രട്ടറിയായിരുന്ന കുഞ്ഞനന്തൻ പതിമൂന്നാം പ്രതിയായത്. വിചാരണക്കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.

ഏഴു വർഷത്തിലേറെ ശിക്ഷ അനുഭവിച്ചെന്നും തടവിൽ കഴിയവെ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ആർത്രൈറ്റിസ് രോഗം കലശലാണ്. നട്ടെല്ലിലെ ഡിസ്കിന്റെ തേയ്‌മാനത്തിന് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.