കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിൽ സംവിധായകനും നടനുമായ ലാൽ, അദ്ദേഹത്തിന്റെ മകൾ എന്നീ സാക്ഷികളെ ഇന്നലെ പ്രതിഭാഗം വിസ്തരിച്ചു. ഇനി മാർച്ച് 25 നാണ് സാക്ഷിവിസ്താരം നടക്കുക. തൃശൂരിൽ നിന്ന് ഷൂട്ടിംഗിനായി കൊച്ചിയിലേക്ക് വരുന്ന വഴിയാണ് നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയത്. ലാലിന്റെ പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ച ഒരു ചിത്രത്തിൽ അഭിനയിക്കാനാണ് നടി കൊച്ചിയിലേക്ക് വന്നത്. ദൃശ്യങ്ങൾ പകർത്തിയശേഷം നടിയെയും ഡ്രൈവർ മാർട്ടിൻ ആന്റണിയെയും പ്രതികൾ ലാലിന്റെ കാക്കനാട്ടെ വീടിനു സമീപത്താണ് ഇറക്കിവിട്ടത്. ഇവിടെ നിന്ന് നടിയും മാർട്ടിനും ഒരുമിച്ചാണ് ലാലിന്റെ വീട്ടിലെത്തിയത്. പിന്നീട് മാർട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് പൾസർ സുനിയുടെ പേരു പുറത്തുവന്നത്. ഇൗ സംഭവവുമായി ബന്ധപ്പെട്ട് ലാലിന്റെ കുടുംബം പൊലീസിൽ മൊഴി നൽകിയിരുന്നു. ലാലിന്റെ മകൻ ജീൻപോൾ ലാൽ ഉൾപ്പെടെയുള്ളവരെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു.