suseelan
പ്രതി സുശീലൻ

ആലുവ: സൗദിയിൽ ജോലി ചെയ്യുന്നതിനിടെ മതം മാറി ഇസ്ളാമായ ഹിന്ദു യുവാവ് നാട്ടിലെത്തി ഭാര്യയെയും മൂന്ന് പെൺമക്കളെയും ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമിക്കുന്നതിനെതിരെ എസ്.എൻ.ഡി.പി യോഗം രംഗത്തെത്തി. പിറന്ന കുലവും സംസ്‌കാരവും വിശ്വാസവും ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച കുട്ടമശേരി ചാലയ്ക്കൽ പാലത്തിങ്കൽ വീട്ടിൽ സുശീലന്റെ ഭാര്യ റൈനക്കും മൂന്നു പെൺമക്കൾക്കും നിയമപരമായ എല്ലാ സഹായങ്ങളും നൽകുമെന്ന് എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ എന്നിവർ അറിയിച്ചു.

ഏത് മതത്തിൽ വിശ്വസിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. മൗലികാവകാശം നിഷേധിച്ചും ഭീഷണിപ്പെടുത്തിയും ഹിന്ദു മത വിശ്വാസിയായ യുവതിയെയും മക്കളെയും മതംമാറ്റാൻ ശ്രമിച്ചാൽ അംഗീകരിക്കാനികില്ല. നാട്ടിലെ ചില മതമൗലികവാദികളാണ് സുശീലനെ സഹായിക്കുന്നതെന്നാണ് വിവരം. ഇതിനെതിരെ സമൂഹ മന:സാക്ഷി ഉയരണം. മതം മാറ്റത്തിന് പ്രേരിപ്പിക്കുന്നവർ സ്വന്തം വീട്ടിൽ സമാനമായ സാഹചര്യമുണ്ടായാൽ എന്ത് നിലപാട് സ്വീകരിക്കുമെന്നുകൂടി ചിന്തിക്കണം. അതിനാൽ നാട്ടിലെ സമാധാനപരമായ അന്തരീക്ഷം നശിപ്പിക്കുന്ന നിലപാടിൽ നിന്ന് ഇക്കൂട്ടർ പിൻവാങ്ങണമെന്നും എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ അഭ്യർത്ഥിച്ചു.

റൈനക്ക് പിന്തുണയുമായി എസ്.എൻ.ഡി.പി യോഗം വനിതാസംഘം നേതാക്കൾ വീട്ടിലെത്തി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, ശാഖാ പ്രസിഡന്റ് എൻ.ഐ. രവീന്ദ്രൻ, ശ്രീനാരായണ എംപ്ളോയീസ് ഫോറം യൂണിയൻ സെക്രട്ടറി സുനിൽഘോഷ് എന്നിവരാണ് റൈനയെ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തത്.

അന്വേഷണം ആരംഭിച്ചെന്ന് റൂറൽ എസ്.പി

ആലുവ: കുട്ടമശേരിയിൽ യുവതിയെയും മക്കളെയും ഭീഷണിപ്പെടുത്തി മതംമാറ്റാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് 'കേരളകൗമുദി'യോട് പറഞ്ഞു. ആലുവ ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ വിനോദിനാണ് അന്വേഷണ ചുമതല. ഭീഷണിപ്പെടുത്തി മതം മാറ്റാൻ ആരെയും അനുവദിക്കില്ല. ഇത്തരം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. ഇത്തരക്കാർക്ക് സംരക്ഷണവും സഹായവും നൽകുന്നവർക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എസ്.പി പറഞ്ഞു.

അതേസമയം കേസിൽ ആരോപണവിധേയനായ പ്രതി കുട്ടമശേരി ചാലയ്ക്കൽ പാലത്തിങ്കൽ വീട്ടിൽ സുശീലൻ എന്ന സുലൈമാൻ വ്യാഴാഴ്ച രാത്രിയും വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. മതം മാറണമെന്നാണ് ഇയാൾ ഭാര്യയോടും മക്കളോടും ആവശ്യപ്പെടുന്നത്. ഭാര്യ റൈനയും സഹോദരൻ രൂപേഷും മാതാവും ഈ സമയം വീട്ടിലുണ്ടായിരുന്നതിനാൽ കൂടുതൽ ബഹളമുണ്ടാക്കാതെ പിൻവാങ്ങി. ബുധനാഴ്ച രാത്രി ഇതേകാരണത്താൽ റൈനയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വാക്കത്തിയുമായി ഓടിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരവും എസ്.പിക്ക് നൽകിയ പരാതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസ് പ്രതിയെ പിടികൂടുന്ന കാര്യത്തിൽ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്ന ആക്ഷേപം ബന്ധുക്കൾക്കുണ്ട്.

കഴിഞ്ഞ മൂന്നിന് വിദേശത്ത് നിന്ന് സുശീലൻ നാട്ടിലെത്തിയ ശേഷമാണ് മതം മാറണമെന്ന പേരിൽ ബഹളവും ഭീഷണിയും ആരംഭിച്ചത്. പതിമൂന്നും പത്തും അഞ്ചും വയസുള്ള മൂന്ന് പെൺകുട്ടികളാണ് ഇവർക്കുള്ളത്.