മൂവാറ്റുപുഴ: ഫോറസ്റ്റ്ക്കാർക്കു നേരെ വാക്കത്തിവീശി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. മൂവാറ്റുപുഴ രണ്ടാർ കരയിലാണ് സംഭവം. നെടുംങ്കണ്ടം വനമേഖലയിൽ നിന്നും ഈട്ടിതടി വെട്ടി കൊണ്ടുപോയ കേസിലെ പ്രതിയായ രണ്ടാർകര കക്കാട്ട് തണ്ട് തണ്ടേൽ വീട്ടിൽ പൗറുദ്ദീൻ (34)നെ പിടികൂടാൻ ബുധനാഴ്ച രാത്രി 9 ഓടെ കുമളി റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം എത്തിയപ്പോഴായിരുന്നു നീക്കം.

പൗറുദ്ദീനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ, ഉദ്യോഗസ്ഥർക്കുനേരെ വാക്കത്തിവീശി . വാക്കത്തി തട്ടിതെറിപ്പിച്ച് പിടികൂടിയപ്പോഴേക്കും നെഞ്ചുവേദന അഭിനയിച്ച് കുഴഞ്ഞു വീണു.ഇതോടെ ഇയാളുടെ ബന്ധുക്കളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും സ്വയം നെഞ്ചിലിടിച്ച് അട്ടഹസിച്ചതോടെ ഇവിടെ നിന്നും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയതോടെ അസുഖമൊന്നും ഇല്ലെന്ന് കണ്ട് ഡിസ്ചാർജ് ചെയ്തു. ഇതോടെ ഫോറസ്റ്റ് അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തു.