കൊച്ചി: തേവര കോന്തുരുത്തി പുഴയുടെ തീരത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ അറിയിച്ചു. ടി.ജെ വിനോദ് എം.എൽ.എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

കൈയേറ്റത്തെ തുടർന്ന് 50 മീറ്ററോളം വീതി ഉണ്ടായിരുന്ന പുഴ 23 മീറ്ററായി ചുരുങ്ങിയെന്നും നീരൊഴുക്ക് തടസപ്പെട്ടു എന്നുമുള്ള പരാതിയെ തുടർന്ന് ഈ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് 2012 ൽ ഹൈക്കോടതി കളക്ടർക്ക് നിർദേശം നൽകി. എന്നാൽ പുഴ, തോട് കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള അധികാരം തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായതിനാൽ ഈ വിഷയം കളക്ടർ കൊച്ചി കോർപ്പറേഷന് കൈമാറി.

പുഴ തീരത്ത് താമസിക്കുന്ന 78 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം കൈയേറ്റം ഒഴിപ്പിക്കാമെന്ന് കോർപ്പറേഷൻ അധികൃതരും റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം തീരുമാനിച്ചു. അതേസമയം പുനരധിവാസത്തിനുള്ള സ്ഥലം നഗരസഭ പരിധിയിലില്ലാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം സ്ഥലം ലഭ്യമാക്കുകയാണെങ്കിൽ ദാരിദ്ര നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ഭവന നിർമ്മാണത്തിനുള്ള ധന സഹായം ലഭ്യമാക്കാമെന്നും നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ പുനരധിവാസത്തിനുള്ള ഭൂമി ജില്ലാ ഭരണകൂടത്തിന്റെ പക്കൽ ഇല്ല. റവന്യൂ വകപ്പു വഴി സ്ഥലം കണ്ടെത്തണമെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ടു ഉത്തരവ് ലഭ്യമാക്കുന്നതിന് നഗരസഭയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.