navas
സി​ഐ നവാസ്

 സി.ഐയുടെ വാട്ട്സ് ആപ്പ് സന്ദേശം വൈറൽ

ആലുവ: തോട്ടക്കാട്ടുകരയിൽ മൃതദേഹത്തേട് അനാദരവ് കാണിച്ചെന്ന പരാതിയിയെത്തുടർന്ന് സസ്പെൻഷനിലായ ആലുവ എസ്.എച്ച്.ഒ സി.ഐ വി.എസ്. നവാസിന്റെ വാട്ട്സ് ആപ്പ് സന്ദേശം വൈറലായി. രാഷ്ട്രീയ മുതലെടുപ്പിന് സി.ഐ ഇരയാവുകയായിരുന്നുവെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയകളിൽ വൈറലായത്.

'സത്യത്തിന്റെ വഴിയേ നടന്നപ്പോൾ അവിടെയൊക്കെ നല്ല വെളിച്ചമുണ്ടായിരുന്നു. പണിതീരാത്ത വീടും മക്കളുടെ ഭാവിയും തളർന്നുകിടക്കുന്ന ഉമ്മയും ഞാനുണ്ടാക്കിവച്ച കടങ്ങളും എന്നെ തുറിച്ചു നോക്കുന്നുണ്ട്. ഈ നിമിഷം സത്യത്തിന്റെ വഴിയിലെവിടെയോ ആരൊക്കെയോ ഇരുട്ടു വിതച്ചപോലെ. എങ്കിലും ഞാൻ നടന്നുമുന്നേറും, ഉറച്ച കാൽവയ്‌പ്പോടെ, പറ്റാതെ വന്നാൽ എന്തു ചെയ്യണമെന്ന് വ്യക്തമായ ധാരണയുണ്ട്.? രണ്ടു ദിവസങ്ങളായി നന്നായുറങ്ങുന്നു. ഇപ്പോൾ ആസാമിപ്പെൺകുട്ടികൾ വീട്ടിലെത്തിയിട്ടുണ്ടാവും. വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങളാണ് ഓർമയിലോടിയെത്തുന്നത്. നീ വിധിക്കുമ്പോൾ നീതിപൂർവം വിധിക്കുക, അല്ലെങ്കിൽ നീ വിധിക്കപ്പെടുമ്പോൾ .... എല്ലാവർക്കും നന്മ വരട്ടെ'.

സസ്പെൻഷന് കാരണമായ മരണം നടന്ന ഒമ്പതാം തീയതി നീതിതേടി വന്ന രണ്ട് അസാം പെൺകുട്ടികൾക്ക് വേണ്ടി ഓടുകയായിരുന്നു. രാത്രി ഒന്നര മണിവരെ ജോലി ചെയ്തു. എന്നിട്ടും അടുത്തദിവസം പുലർച്ചെ 7.15ന് സ്റ്റേഷനിലെത്തി. ഓടിനടന്ന് കാര്യങ്ങൾ ചെയ്തു. മരണവീട്ടിലും ഓടിച്ചെന്നു നടപടികൾക്ക് നേതൃത്വം കൊടുത്തു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞ മൃതദേഹം ഒരു മണിക്കു മുമ്പായി ബന്ധുക്കളുടെ കൈകളിലെത്തിച്ചു. അന്ന് വൈകിട്ട് ആസാമി പെൺകുട്ടികൾ തിരികെപ്പോയെന്നും ഉറപ്പുവരുത്തി.ആലുവക്കാരോട് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ക്രിമിനൽസും നിയമലംഘകരും എന്നെ ഭയപ്പെടുന്നത് സ്വാഭാവികം. അല്ലെങ്കിലും ഞാനിങ്ങനെയാണ് ഭായ്, എനിക്കിങ്ങനെയൊക്കെയേ ആകാൻ കഴിയൂ- സി.ഐയുടെ വാക്കുകൾ .