കൊറോണ: ജില്ലയിൽ പുതിയ പോസിറ്റീവ് കേസുകളില്ല
കൊച്ചി: കൊറോണ വൈറസ് ലക്ഷണങ്ങളുമായി ജില്ലയിൽ ഇന്നലെ 90 പേരെ കൂടി വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലാക്കി. ഇതിൽ 34 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസ വാർത്തയാണ്. വീടുകളിലെ നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നലെ 12 പേരെ ഒഴിവാക്കി.
ഇന്നലെ പുതിയതായി ഒരാളെ എറണാകുളം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ഇവിടെ നിരീക്ഷണത്തിലുണ്ടായിരുന്നവരിൽ നിന്നും എട്ടു പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 23 പേർ നിരീക്ഷണത്തിലുണ്ട്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ഐസോലാഷൻ വാർഡിൽ ഏഴ് പേരെക്കൂടാതെ വ്യാാഴാഴ്ച രാത്രിയോടെ 15 പേരെക്കൂടി പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ രണ്ടു പേരെക്കൂടി പുതിയതായി നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. 13 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ 11 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ആകെ 532 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുഉള്ളത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 16 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
മൂന്ന് പേർ സ്വകാര്യ ആശുപത്രികളിൽ
സ്വകാര്യ ആശുപത്രികളിലും കൊറോണ നിരീക്ഷണത്തിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്. 12 പേരാണ് സ്വകാര്യ ആശുപത്രിയിലെ പരിശോധനക്ക് ശേഷം വീടുകളിൽ നിരീക്ഷണത്തിലുളള്ത്. മൂന്നു പേർ സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നു.
30 വിമാനങ്ങളിൽ പരിശോധന
ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ 30 അന്താരാഷ്ട്ര വിമാനങ്ങൾ പരിശോധിച്ചു.3219 യാത്രക്കാരെ നിരീക്ഷിച്ചു. 23 പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽ നാലു പേരെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചു. 23 ആഭ്യന്തര വിമാനങ്ങളിലെ 2779 യാത്രക്കാരെയും പരിശോധിച്ചു.
397 കോളുകൾ
ഇന്നലെ 397 കോളുകളാണ് കൊറോണ കൺട്രോൾ റൂമിലെത്തിയത്. ഇതിൽ 12 പേർക്ക് പരിരക്ഷ കൗൺസിലമാർ കൗൺസിലിംഗ് നൽകി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ പാലിക്കേണ്ട രീതികൾ, കൊറോണയുടെ ലക്ഷണങ്ങൾ, കൊറോണ ടെസ്റ്റ് ചെയ്യുന്ന വിധം, ആശുപത്രിയിലേക്ക് പോകാൻ ഏത് യാത്രാമാർഗമാണ് ഉപയോഗിക്കേണ്ടത്, നീരീക്ഷണകാലാവധി കഴിയുമ്പോൾ ലഭിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് തുടങ്ങിയവ അറിയാനായിരുന്നു പ്രധാനമായും വിളികളെത്തിയത്.
ബോധവത്‌ക്കരണം
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകൾ തുടരുകയാണ്. ഡോക്ടർമാർ, മറ്റ് പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർക്കുള്ള ക്ലാസുകൾ ഇന്നലെയും നടന്നു. കൂടാതെ എറണാകുളം ജില്ലാ പഞ്ചായത്ത്, ഏഴിക്കര, വാരപ്പെട്ടി ബ്ലോക്ക് പഞ്ചായത്തുകൾ കാലടി ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ജനപ്രതിനിധികൾക്കും , കാലടി, അങ്കമാലി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കും, എടവനക്കാട്, മാലിപ്പുറം എന്നിവിടങ്ങളിൽ ആശ അങ്കണവാടി പ്രവർത്തകർക്കും ക്ലാസുകൾ നടന്നു.