തൃക്കാക്കര : അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം വി.എ. സിയാദിന്റെ ആത്മഹത്യയെകുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞഒമ്പതിനായിരുന്നു വാഴക്കാല കുന്നേപ്പറമ്പ് സ്വദേശി വി.എ. സിയാദിനെ (46) വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് .പ്രളയഫണ്ട് വെട്ടിപ്പ് കേസിൽ അയ്യനാട് സഹകരണ ബാങ്കിനെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു സിയാദിന്റെ മരണം. പ്രളയഫണ്ട് വെട്ടിപ്പ് കേസുമായി ഈ മരണത്തിന് ബന്ധമില്ലെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു..ബന്ധുക്കളിൽ നിന്നും,സുഹൃത്തുക്കളിൽ നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി.മരിച്ച ദിവസവും തലേദിവസവും സിയാദുമായി ഫോണിൽ സംസാരിച്ചവരിൽ നിന്നും പൊലീസ് മൊഴിയെടുത്തുവരുകയാണ്.മരണത്തിന് മുമ്പ് സിയാദുമായി ഫോണിൽ ബന്ധപ്പെട്ട മൂന്ന് പേരെ തൃക്കാക്കര പൊലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.ബാക്കിയുളളവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
വ്യാഴാഴ്ച സിയാദിന്റെ സ്‌കൂട്ടറിൽ നിന്നാണ് തന്റെ മരണത്തിന് ഉത്തരവാദികൾ സി.പി.എം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പെടെ മൂന്ന് നേതാക്കളാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പെഴുതിയ ഡയറി ബന്ധു കണ്ടെത്തിയത്.ആത്മഹത്യാകുറിപ്പ് അടങ്ങിയ ഡയറി പൊലീസ് കോടതിക്ക് കൈമാറി.
അതേസമയംആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരം സിയാദിന്റെ തന്നെയാണെന്ന് ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണെന്ന ആരോപണങ്ങൾ തെറ്റാണെന്ന് അവർ വ്യക്തമാക്കി.