ആലുവ: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വിവിധ വിമാനങ്ങളിലെത്തിയ 29 പേരെ കൊറോണ പരിശോധനയുടെ ഭാഗമായി ആലുവ ജില്ലാ ആശുപത്രിയിൽഎത്തിച്ചു. വ്യാഴാഴ്ച രാത്രി 17 പേരേയും ഇന്നലെ പുലർച്ചെ 12 പേരെയുമാണ് നിരീക്ഷണത്തിനായി കൊണ്ടുവന്നത്. .
രോഗ ലക്ഷണം കാണിച്ച ഏഴ് പേരെ കളമശേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. ബാക്കിയുള്ള 22 പേരെ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അറിയിച്ച ശേഷം വീട്ടിലേയ്ക്ക് മടക്കി വിട്ടു.
കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ആലുവ ജില്ലാ ആശുപത്രിൽ കൂടുതൽ ഡോക്ടർമാരയും നഴ്സുമാരെയും നിയമിക്കണമെന്ന് അൻവർസാദത്ത് എം.എൽ.എ. ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്നലെ വൈകീട്ട് ആശുപത്രി സന്ദർശിച്ച് സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരിയുമായി അദ്ദേഹം ചർച്ച നടത്തി.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർമാരാണ് കൊറോണ ലക്ഷണവുമായി വിദേശത്ത് നിന്നെത്തിയവരെ പരിചരിക്കുന്നത്. ഇത് ഒ.പിയിലും ഐ.പിയിലുമുള്ള മറ്റ് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ആറ് വീതം ഡോക്ടർമാരുടേയും സ്റ്റാഫ് നേഴ്‌സിന്റേയും അറ്റൻഡർമാരുടേയും ആവശ്യമുണ്ട്. ഇന്നലെ താത്കാലികമായി രണ്ട് ഡോക്ടർമാരെയാണ് ആശുപത്രിയിൽ അധികമായി അനുവദിച്ചത്. ഒഴിവുള്ള ഡോക്ടർമാരുടേയുംനഴ്‌സുമാരുടേയും തസ്തികകൾ നികത്തണമെന്ന് എം.എൽ.എ. ആവശ്യപ്പെട്ടു.