കിഴക്കമ്പലം: പള്ളികളിലും കോറോണ മുൻ കരുതൽ. പള്ളിക്കര കത്തീഡ്രലിൽ ഇന്നു മുതൽ മുൻ കരുതൽ തുടങ്ങും. ആത്മീയ ശുശ്രൂഷകൾക്ക് കോട്ടംതട്ടാത്ത വിധത്തിലുള്ള കമീകരണങ്ങൾ ഒരുക്കാനാണ് തീരുമാനം.കുർബാനക്കും പ്രാർത്ഥനക്കുമായി എത്തുന്ന വിശ്വാസികൾക്ക് പാലിയേ​റ്റീവ് കെയർ യൂണി​റ്റിന്റേയും യൂത്ത് അസോസിയേഷന്റെയും നേതൃത്വത്തിൽ സാനി​റ്റേഷൻ സൗകര്യം ക്രമീകരിക്കും. കൈമുത്ത്,സ്ലീബാ മൊത്ത്,വി.ഗ്രന്ഥം ചുംബിക്കൽ; കൈയ്യസ്തൂരി,വിളക്കിൽ നിന്ന് എണ്ണയെടുക്കൽ,തലയിൽ കൈവെച്ചുള്ള പ്രാർത്ഥന എന്നിവ ഒഴിവാക്കും. കുമ്പസാരത്തിന് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും. കത്തീഡ്രലിലും മലേക്കുരിശ് പള്ളിയിലും ഉച്ച പ്രാർത്ഥനക്ക് എത്തുന്നവർക്കും ഞായറാഴ്ച്ചകളിൽ കുർബാനയിൽ സംബന്ധിക്കുന്നവർക്കും കഞ്ഞി നൽകുന്നതും മലേക്കുരിശ് പള്ളിയിലെ തൂക്കപാച്ചോർ നേർച്ചയും 31 വരെ നിർത്തി വെച്ചു. കത്തീഡ്രലിന്റെ കീഴിലുള്ള എല്ലാ സൺഡെ സ്‌ക്കൂളുകൾക്കും 31 വരെ അവധി നൽകി.