കൊച്ചി: കൊറോണ സർക്കുലറിൽ മതം കലർത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് മേയർ സൗമിനി ജെയിൻ സർക്കാരിനോട് ആവശ്യപ്പെട്ടു. എൽ.ഡി.എഫ് ഭരിക്കുന്ന ആരോഗ്യസമിതിയെയാണ് മേയർ പ്രതിക്കൂട്ടിലാക്കിയത്. ആരാധനാലയങ്ങളിൽ ആളുകൾ ഒത്തുകൂടിയാൽ മതാദ്ധ്യക്ഷൻമാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മതസ്ഥാപനങ്ങൾക്ക് ഹെൽത്ത് ഓഫീസർ നോട്ടീസ് നൽകിയെന്നാണ് ആക്ഷേപം. മേയറും നഗരസഭ സെക്രട്ടറിയും അറിയാതെയാണ് ഈ സർക്കുലർ ഇറക്കിയത്.കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾ പാലിക്കേണ്ടതും നടപ്പാക്കേണ്ടതുമായി തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലറിൽ പരാമർശിക്കാത്ത വാചകങ്ങൾ ഹെൽത്ത് ഓഫീസർ കൂട്ടിച്ചേർത്തുവെന്നാണ് മേയറുടെ പരാതി.
31 വരെ പൊതുപരിപാടികൾ ഒഴിവാക്കണമെന്നും ഇക്കാര്യത്തിൽ അലംഭാവം കാണിച്ചാൽ സ്ഥാപനത്തിനും മേധാവികൾക്കുമെതിരെ നടപടി സ്വീകരിക്കുമെന്നാണ് 11 ന് നൽകിയ സർക്കുലറിൽ പറയുന്നത്. സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ഓഡിറ്റോറിയം എന്നിവയ്ക്കാണ് ഈ സർക്കുലർ നൽകിയത്. ഇത് വിവാദമായതിനെ തുടർന്ന് നോട്ടീസ് റദ്ദു ചെയ്യുന്നതായി അറിയിച്ചുകൊണ്ട് 13 ന് വീണ്ടും ഹെൽത്ത് ഓഫീസർ സർക്കുലർ ഇറക്കി. അതേസമയം സദ്ദുദേശത്തോടെ തയ്യാറാക്കിയ സർക്കുലറിനെതിരെ മേയർ ആരോപണം ഉന്നയിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് ആരോഗ്യസമിതി അദ്ധ്യക്ഷ പ്രതിഭ അൻസാരി പറഞ്ഞു.