കൊച്ചി: കോർപ്പറേഷന്റെ അടുത്ത സാമ്പത്തിക വർഷത്തെ വികസനപദ്ധതിരേഖ അവതരിപ്പിച്ചു. തിങ്കളാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം അന്തിമ പദ്ധതി രേഖക്ക് അംഗീകാരം നൽകും. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയം കണക്കിലെടുത്താണ് ദുരന്തനിവാരണ പദ്ധതികൾ കൂടി തയാറാക്കണമെന്ന നിർദ്ദേശം സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയത്. അതിന്റെ ഭാഗമായാണ് ഈ സാമ്പത്തിക വർഷത്തെ പദ്ധതികളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയതെന്ന് പദ്ധതി രേഖ അവതരിപ്പിച്ച് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഗ്രേസി ജോസഫ് പറഞ്ഞു. റോഡുകളുടെ വികസനത്തിനും നവീകരണത്തിനുമായി വാർഷിക പദ്ധതിയിൽ ഒരു പൈസയും അനുവദിച്ചില്ല. ഇത് നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആക്ഷേപങ്ങളും ഉയർന്നിട്ടുണ്ട്.

സ്പിൽഓവർ പദ്ധതിക്ക് തുക വകയിരുത്താനാവില്ല


2020- 21 വാർഷിക പദ്ധതിയിൽ 171.49 കോടിയുടെ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളിൽ ആരംഭിച്ച് ഇപ്പോഴും തുടർന്നുവരുന്ന സ്പിൽഓവർ പദ്ധതികൾക്ക് ഇക്കുറി പ്ലാൻ ഫണ്ടിൽ തുക വകയിരുത്താനാവില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അത് കോർപ്പറേഷൻ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളെ സാരമായി ബാധിക്കുമെന്നും അവർ പറഞ്ഞു.

109.9 കോടിയോളം രൂപ സ്പിൽ ഓവറായി ചെലവിടാനുണ്ട്. അതിനാൽ 171.49കോടിയിൽ തുച്ചമായ തുക മാത്രമേ വാർഷിക പദ്ധതിയിനത്തിൽ ചെലവഴിക്കാനാകൂവെന്നും പലപദ്ധതി പ്രവർത്തനങ്ങളെയും അത് പ്രതിസന്ധിയിലാക്കുമെന്നും ഗ്രേസി ജോസഫ് ചൂണ്ടിക്കാട്ടി.


12 ഇന നൂതനപദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്

പദ്ധതികൾ ഇങ്ങനെ

വിശപ്പ് രഹിത നഗരം, വയോജന സംരക്ഷണ കേന്ദ്രം, ശുചിത്വം നഗരം, ടോയ്‌ലെറ്റുകൾ, ടേക്ക് എ കെയർ കൗൺസലിംഗ് പരിപാടി, തോടുകളുടെ നവീകരണം, വൃക്ഷത്തൈ നടീൽ കൂടാതെ ജൈവ പച്ചക്കറിത്തോട്ടം, ലോക്കൽ എംപ്ലോയ്‌മെന്റ് പരിശീലന പരിപാടി, പൊതുവിദ്യാഭ്യാസ യജ്ഞം, പാലിയേറ്റീവ് പരിചരണം, പട്ടിക വിഭാഗക്കാരുടെ വിദ്യാഭ്യാസ വികസനം, ഭരന രഹിത നഗരം, നമ്മൾ നമുക്കായ് എന്നിങ്ങളെ പദ്ധതികളും ഉൾപ്പെടുത്തിയിട്ടുണ്ട്.