കൊച്ചി: കുട്ടികൾ ഇല്ലാത്തതിനാൽ അങ്കണവാടി പരിസരങ്ങളിലെ ആരവം ഒഴിഞ്ഞെങ്കിലും എന്നത്തെയും പോലെ തിരക്കിലാണ് അങ്കണവാടി ജീവനക്കാർ. ചിലയിടങ്ങളിൽ കുട്ടികൾക്കു ഭക്ഷണം തയ്യാറാക്കി എത്തിക്കുന്നുണ്ടെങ്കിലും പലയിടങ്ങളിലും അത് പ്രാവർത്തികമല്ല. അതോടെ കുട്ടികൾക്ക് ഈ മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ ജീവനക്കാർ നേരിട്ട് വീട്ടിലെത്തിച്ചു. ഭക്ഷണ വിതരണം മാത്രമല്ല കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ആരെങ്കിലും എത്തുന്നുണ്ടോ, എത്തുന്നവർ ക്വാറന്റൈൻ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങൾ നിരീക്ഷിക്കാനും അങ്കണവാടി ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ പോഷകാഹാര മിഷന്റെ ഭാഗമായി കുട്ടികൾക്ക് ശുചിത്വ ശീലങ്ങൾ പങ്കുവച്ചത് നേട്ടമായി എന്നാണ് അങ്കണവാടി ജീവനക്കാരുടെ വിലയിരുത്തൽ. സുരക്ഷിതമായി കൈകൾ കഴുകേണ്ട വിധമുൾപ്പടെ കുട്ടികളെപഠിപ്പിച്ചിരുന്നു. ഭക്ഷ്യ വസ്തുക്കൾ ലഭ്യമായ മുറയ്‌ക്കാണ് അങ്കണവാടികളിൽ ഭക്ഷണ സാധനങ്ങളുടെ വിതരണം നടത്തിയിട്ടുള്ളത്. ഒരു മാസത്തേക്ക് ആവശ്യമായ സാധനങ്ങൾ ലഭിച്ച സ്ഥലങ്ങളിൽ പൂർണമായും മറ്റിടങ്ങളിൽ 15 ദിവസത്തേക്കുമുള്ള ഭക്ഷണ സാധനങ്ങളുമാണ് വിതരണം നടത്തിയിട്ടുള്ളത്.
ജില്ലയിലെ 2821 അങ്കണവാടികളിൽ ഭക്ഷണ വിതരണം പൂർത്തിയായി. 2858 അംഗനവാടികളാണ് ജില്ലയിൽ ആകെയുള്ളത്. 34561 കുട്ടികളുടെ വീടുകളിൽ ഇതുവരെ ഭക്ഷണ സാധനങ്ങൾ എത്തിച്ചു.കുട്ടികൾക്ക് പുറമെ കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് അങ്കണവാടി വഴി വിതരണം ചെയുന്ന പോഷകാഹാരത്തിന്റെയും വിതരണവും പുരോഗമിക്കുകയാണ്. 4928 കൗമാരക്കാർക്കും 12287 ഗർഭിണികൾക്കും മുലയൂട്ടുന്ന 10874 അമ്മമാർക്കും പോഷകാഹാരം വിതരണം ചെയ്‌തു.