sa
സജിൻ

കൊച്ചി: പട്ടാപ്പകൽ വീട്ടമ്മയുടെ മാലപൊട്ടിച്ചവർ പൊലീസ് പിടിയിൽ. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അയ്യപ്പൻകാവ് ഭാഗത്ത് പലചരക്ക് കട നടത്തുന്ന ഉമയുടെ (50) അഞ്ച് പവൻ മാലയാണ് പ്രതികൾ പൊട്ടിച്ചെടുത്തത്. തനിച്ച് താമസിക്കുന്ന ഇവർ കടയിൽ നിൽക്കുന്ന സമയത്ത് രണ്ടുപേർ കടയിൽ ചെന്ന് മുളകുപൊടി ആവശ്യപ്പെട്ടു. മുളകുപൊടി എടുത്ത് കൊടുക്കുന്നതിനിടെ പ്രതികൾ ഉമയുടെ മാല പൊട്ടിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

ഉമയുടെ കരച്ചിൽ കേട്ട അയൽവാസി ആളുകളെ വിളിച്ചു കൂട്ടി. വിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ നോർത്ത് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പ്രതികളായ മുളവുകാട് സ്വദേശി സജിനെയും (25) കൊറംകോട്ട ദീപ് സ്വദേശി മഹേഷിനേയും (31) പിടികൂടി. മാല പൊട്ടിക്കുന്നതിനിടെ പരിക്കേറ്റ ഉമ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.