പനങ്ങാട്: ഉദയത്തുംവാതിൽ ഗവ:എൽ.പി.സ്കൂൾ കെട്ടിടനിർമ്മാണം കട്ടപ്പുറത്തായിട്ട് ഒരുവർഷം കഴിഞ്ഞു. കുമ്പളംപഞ്ചായത്തിലെ നൂറ് വർഷം പൂർത്തിയാക്കിയ ഏകസർക്കാർ വിദ്യാലയമാണിത്. പൊതുവിദ്യാഭ്യാസമേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ആവിഷ്കരിച്ച സർക്കാർ പദ്ധതിപ്രകാരം ഒരു കോടിരൂപ സർക്കാർ അനുവദിച്ചതോടെ സ്കൂൾ അധികൃതരും നാട്ടുകാരുംവളരെ സന്തോഷത്തിലായിരുന്നു.ഒരേക്കറോളം വരുന്ന നിലവിലുളള സ്കൂൾ കോമ്പൗണ്ടിന്റെ കിഴക്ക്-തെക്ക് ഭാഗത്തായി എൽ.ആകൃതിയിലുളള ഓടുമേഞ്ഞ നിലവിലുളള കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂളിൻ്റെ പ്രവർത്തനം നടക്കുന്നത്.
#പദ്ധതി ഇങ്ങനെ
ലാബോറട്ടറി,കമ്പ്യൂട്ടർ റൂ, പ്രൊജക്ടർ റൂം എന്നിവയടങ്ങിയ രണ്ട് നിലകളിലാണ് പുതിയ കെട്ടിടം വിഭാവനം ചെയ്തിട്ടുളളത്.
#1 വർഷത്തിൻ്റെ നാണക്കേട്
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്നചടങ്ങിൽ 2019 ഫെബ്രുവരി 25ന് എം.സ്വരാജ് എം.എൽ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോൺഫെർണാണ്ട്സ് എം.എൽ.എ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചിരുന്നു. ഒരുകൊല്ലം കൊണ്ട് കെട്ടിടം പണിപൂർത്തിയാക്കി 2020 ജൂണിൽ പ്രവേശനോത്സവം പുതിയ സ്കൂൾ കെട്ടിടത്തിൽ നടത്തുവാനായിരുന്നു ലക്ഷ്യം.എന്നാൽ ഒന്നും സംഭവിച്ചില്ല.നിർമ്മാണത്തിന്റെ കരാർ കാലാവധിയും കഴിഞ്ഞു.
#അടിത്തറപോലും പൂർത്തിയായില്ല
പടിഞ്ഞാറുഭാഗത്തായിട്ടാണ് പുതിയ ഇരുനിലകെട്ടിടം ഉയരേണ്ടത്.പഴയ സ്കൂൾകെട്ടിടം നിലനിർത്തികൊണ്ടാണ് എതിർവശത്ത് പുതിയ കെട്ടിടം പണിയുന്നത്. പുതിയ കെട്ടിടമാകട്ടെ അടിത്തറയുടെ ഏതാനും കോളങ്ങൾ വാർത്തിട്ട ശേഷംനിർമ്മാണം നിലച്ചുകിടക്കുകയാണ്.
# അപകടത്തിന് വഴിവെക്കും
തറയുടെ പണികൾക്ക് വേണ്ടി കുഴിയെടുത്ത മണ്ണ് ഒരുഭാഗത്ത് മലപോലെകിടക്കുന്നതും,ഇരുമ്പ് കമ്പികളുംകോൺക്രീറ്റ് കട്ടകളും, പണിയായുധനങ്ങൾ എന്നിവയും വിവിധ ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നത് കുട്ടികൾക്ക് അപകടത്തിന് വഴിവെക്കും.
#അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്
ചിലസാങ്കേതിക കാരണങ്ങളാൽ ഉണ്ടായ കാലതാമസമാണെന്നും ഉടൻനിമ്മാണം ആരംഭിക്കുവാൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സീതാചക്രപാണി,പഞ്ചായത്ത്പ്രസിഡൻ്റ്,
ടി.ആർ.രാഹുൽ, വാർഡ്മെമ്പർ
ഉടനടി പണികൾ തുടങ്ങും
മഴമൂലമാണ് നിർമ്മാണം വൈകിയതെന്ന കാരണത്താൽ കാലാവധി നീട്ടികിട്ടുവാൻ കരാറുകാരൻ അപേക്ഷിച്ചിട്ടുണ്ട്. ഉടനെ തന്നെ ബാക്കി പണികൾ തുടങ്ങണമെന്ന് കരാറുകാരന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ജമീല,അസി.എക്സിക്യൂട്ടീവ്എൻജിനീയർ.
പി.ഡബ്ല്യു.ഡി
#അടിയന്തിരമായ നടപടികൾ സ്വീകരിക്കുന്നുണ്ട്
സർക്കാർ പദ്ധതിയായ ഉദയത്തുംവാതിൽ ഗവ.എൽ.പി.സ്കൂളിൻ്റെ പുതിയകെട്ടിടത്തിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുന്നതിന് അടിയന്തിരമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.
എം.സ്വരാജ് എം.എൽ.എ.